സുരേഷ് ഗോപിയുടെ പ്രസ്താവന അപലപനീയം: സിപിഐ
തൃശൂർ ശക്തൻ തമ്പുരാൻ പ്രതിമയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിരുത്തരവാദപരമായ പ്രസ്താവന അപലപനീയമെന്ന് -സിപിഐ ജില്ലാ എക്‌സി. കമ്മിറ്റി യോഗം അറിയിച്ചു. 14 ദിവസത്തിനകം ശക്തൻ തമ്പുരാൻ പ്രതിമ സ്ഥാപിച്ചില്ലെങ്കിൽ താൻ പ്രതിമ സ്ഥാപിക്കും എന്നുള്ള പ്രകോപനപരമായ പ്രസ്താവന ഒരു കേന്ദ്ര മന്ത്രിക്കും ജനപ്രധിനിധിക്കും ചേർന്നതല്ല. കെഎസ്ആർടിസി ബസ് ഇടിച്ചുതകർന്ന തൃശൂർ ശക്തൻ തമ്പുരാൻ പ്രതിമ നവീകരിച്ച് അവിടെത്തന്നെ സ്ഥാപിക്കാൻ കെഎസ്ആർടിസി തന്നെ തീരുമാനിച്ചതാണ്. ഇക്കാര്യം മന്ത്രി കെ രാജനും വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലുള്ള സുരേഷ് ഗോപിയുടെ പ്രസ്‌താവന അപഹാസ്യമാണെന്നും സിനിമാ നടനിൽ നിന്നും ജനപ്രതിനിധിയിലേക്ക് മാറാൻ അദ്ദേഹം തയ്യാറാകണമെന്നും യോഗം വ്യക്തമാക്കി. തൃശൂര്‍ പൂരം നിര്‍ത്തിവയ്‌ക്കാനും അലങ്കോലപ്പെടുത്താനും ഇടയാക്കിയ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. Read on deshabhimani.com