​ഗുരുവായൂർ ഏകാദശി 
വിളക്കുകൾ ഇന്നാരംഭിക്കും



ഗുരുവായൂർ ​ഗുരുവായൂർ ഏകാദശി വിളക്കുകൾ ഞായറാഴ്ച ആരംഭിക്കും. ഡിസംബർ 11നാണ് ഗുരുവായൂർ ഏകാദശി. പുരാതന കുടുംബമായ പാലക്കാട് അലനല്ലുർ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശി വിളക്കുകൾ നടത്തുക. രാത്രി ശീവേലിക്കു ശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ തെളിയിച്ച്  മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക, നാഗസ്വര അകമ്പടിയോടെ നടത്തുന്ന ചടങ്ങാണിത്. ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ കാഴ്ചശീവേലി, എടക്കപ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഗുരുവായൂർ ഏകാദശി ദിവസമായ ഡിസംബർ 11ന് ഗുരുവായൂർ ദേവസ്വമാണ് ചുറ്റുവിളക്ക് നടത്തുക.  ഏകാദശി വിളക്കുകൾ ആരംഭത്തിന് മുന്നോടിയായുള്ള  വിളംബരാഘോഷ നാമജപഘോഷയാത്ര നടന്നു. ക്ഷേത്രം സത്രം കവാടത്തിൽ നിന്ന് ആരംഭിച്ചയാത്ര കിഴക്കേനടയിൽ ദീപസ്തംഭത്തിന് സമീപമെത്തി ദീപോജ്വലനം നടത്തി. ഗണപതിക്ക് വിശേഷാൽ പൂജ, കേളി, പുഷ്പാലങ്കാരം, ദീപാലങ്കാരം, പ്രസാദ വിതരണം എന്നിവ ഉണ്ടാകും. ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് അസോസിയേഷനും പെൻഷനേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ഏകാദശി വിളക്ക് ഇത്തവണ ഡിസംബർ രണ്ടിന് ആഘോഷിക്കും. രാവിലെയും  ഉച്ചയ്ക്കും മേളം, രാത്രി വിശേഷാൽ ഇടക്ക പ്രദക്ഷിണം, ദീപാലങ്കാരം, പുഷ്പാലങ്കാരം, തായമ്പക എന്നിവയും ഉണ്ടാകും. Read on deshabhimani.com

Related News