തൃശൂര്‍–കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പെർമിറ്റ് സമയത്തിന് ഓടാൻ തയ്യാറായി സ്വകാര്യ ബസുടമകൾ
ഇരിങ്ങാലക്കുട തൃശൂര്‍–-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് പ്രകാരമുള്ള സമയത്തിന് ഓടാന്‍ തീരുമാനിച്ചു. തൃശൂര്‍–- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിന് സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ക്ക് 78 സ്റ്റോപ്പുകള്‍ക്ക് 90 മിനിറ്റും ലിമിറ്റഡ് സ്റ്റോപ്പിന് 33 സ്റ്റോപ്പുകള്‍ക്ക് 76 മിനിറ്റുമാണ് പെര്‍മിറ്റില്‍ അനുവദിച്ച സമയം. എന്നാൽ, അസോസിയേഷന്റെ തീരുമാനപ്രകാരം 85 ഉം 70 മിനിറ്റിലുമാണ് നിലവില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതേതുടര്‍ന്ന് റൂട്ടില്‍ അപകടങ്ങള്‍ പതിവായതോടെ മന്ത്രിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിയുടെ ഓഫീസിലും യോഗങ്ങള്‍ ചേർന്നിരുന്നു. എന്നാല്‍ നിശ്ചിത സമയമെടുത്ത് ഓടുന്നതിന് ഒരു വിഭാഗം ബസുടമകൾ തയ്യാറാകാത്തതിനെ തുടര്‍ന്ന് തീരുമാനമായില്ല. ശരിയായ സമയത്തില്‍ സര്‍വീസ് നടത്തിയാല്‍ അപകടങ്ങള്‍ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകള്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്ച മുതല്‍ ഇത്തരത്തിൽ സര്‍വീസുകള്‍ നടത്തും. സര്‍വീസുകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് 35 പേർ ഒപ്പിട്ട നിവേദനം കലക്ടര്‍ക്കും ആര്‍ഡിഒയ്ക്കും നല്‍കിയെന്നും ഇവര്‍ അറിയിച്ചു. 110 ഓളം ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടില്‍ 70 ബസുകളാണ് അംഗീകൃത സമയക്രമത്തില്‍ സര്‍വീസ് നടത്താന്‍ തയ്യാറായിട്ടുള്ളത്. Read on deshabhimani.com