നടുറോഡിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു
പുതുക്കാട് നടുറോഡിൽ യുവതിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി. പുതുക്കാട് ബസാർ റോഡിലെ എസ്ബിഐ ബാങ്ക് ശാഖയിലെ ശുചീകരണ ജീവനക്കാരി കൊട്ടേക്കാട് ഒലഴിക്കൽ വീട്ടിൽ ബബിത (28)യെയാണ് ഭർത്താവ് കേച്ചേരി കൂളവീട്ടിൽ ലിസ്റ്റിൻ (36) കുത്തിപരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയെ കുത്തിയശേഷം ലിസ്‌റ്റിൻ പുതുക്കാട് പൊലീസിൽ കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെയാണ് സംഭവം. ബസിറങ്ങി ബാങ്കിലേക്ക് പോകുന്നതിനിടെ പുതുക്കാട് പള്ളിയുടെ മുന്നിൽ വെച്ച് ബബിതയെ ഇയാൾ ഒമ്പത് തവണ കുത്തി. റോഡിൽ വീണുകിടന്ന യുവതിയെ നാട്ടുകാർ ചേർന്നാണ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ബബിത അപകടനില തരണം ചെയ്‌തതായി പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും കുറച്ചുനാളായി അകന്നു കഴിയുകയാണ്. വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല. 10 വയസ്സുള്ള മകൻ ലിസ്റ്റിനൊപ്പമാണ്. പെരുമ്പാവൂർ സ്വദേശിയുടെ കൂടെയാണ് ബബിത ഇപ്പോൾ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കുറച്ചുദിവസം മുമ്പ് ബാങ്കിലെത്തി ബബിതയെ അക്രമിച്ച സംഭവത്തിൽ ലിസ്റ്റിനെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. Read on deshabhimani.com