സാംസ്‌കാരിക കവാടവും ഹാപ്പിനസ് പാര്‍ക്കും
ചെറുതുരുത്തി പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊച്ചിൻ പാലത്തിന് സമീപം സാംസ്‌കാരിക കവാടത്തിന്റെയും ഹാപ്പിനസ് പാര്‍ക്കിന്റെയും നിര്‍മാണം ആരംഭിച്ചു. രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായാണ് വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹാപ്പിനസ് പാര്‍ക്ക് നിര്‍മിക്കുന്നത്. തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങളും സാംസ്കാരിക ചിഹ്നങ്ങളും ആലേഖനം ചെയ്ത് ചെറുതുരുത്തി കൊച്ചിന്‍ പാലത്തിനു സമീപത്ത് ജില്ലാ സാംസ്‌കാരിക കാവാടം നേരത്തേ നിര്‍മിച്ചിരുന്നു. കവാടം നവീകരിക്കുന്നതോടൊപ്പം പാര്‍ക്കിന്റെ ഭാഗമായി പുഴയുടെ തീരത്ത് ഇരിപ്പിടങ്ങള്‍, പരിപാടികള്‍ക്കായി ചെറിയ വേദി, ദീപ വിതാനങ്ങള്‍ എന്നിവയും സംരക്ഷണ ഭിത്തിയും പൂന്തോട്ടവും നിര്‍മിക്കും. 20 അടി ഉയരവും ആറടി വീതിയുമുള്ള നാല് ആര്‍ട്ട് വാളുകളാണ് നിര്‍മാണം പൂര്‍ത്തിയായ കവാടത്തിനുള്ളത്. ജില്ലാ പഞ്ചായത്തും വള്ളത്തോള്‍ നഗര്‍ പഞ്ചായത്തും ചേര്‍ന്നാണ് 20 ലക്ഷം രൂപ ഇതിനായി അനുവദിച്ചത്. കേരള ഗ്രാമവികസന സാനിറ്റേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ചേരാസ് രവിദാസും കലാകാരന്‍മാരുമാണ് ആര്‍ട്ട്‌വാളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ നൽകിയ നിര്‍ദേശപ്രകാരം 2023–- - 2024 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന, കുട്ടികളുടെ പാര്‍ക്കും ചെറുതുരുത്തി തടയണവരെയുള്ളനടപ്പാതയും ഇതിനോടനുബന്ധിച്ചുള്ള പദ്ധതിയിലുണ്ട്. ഇതുകൂടി ഒരുങ്ങുന്നതോടെ നിളയുടെ തീരത്ത് ടൂറിസത്തിന്റെ അനന്ത സാധ്യതകൾക്ക് വഴിതുറക്കുമെന്ന് വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുള്‍ ഖാദർ പറഞ്ഞു. Read on deshabhimani.com