വിജയമുറപ്പിച്ച് എൽഡിഎഫ്
ചേലക്കര ചേലക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്‌ച കൊട്ടിക്കലാശമാകുമ്പോൾ ദൃശ്യമാകുന്നത് എൽഡിഎഫ് മുന്നേറ്റം. വികസനവും ക്ഷേമവും രാഷ്‌ട്രീയവും ചർച്ചയായ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മനസ്സ് എൽഡിഎഫിനൊപ്പമെന്ന് വ്യക്തം. രണ്ടു ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗങ്ങളിലെത്തിയ ആയിരങ്ങൾ പ്രഖ്യാപിക്കുന്നതും ഇതുതന്നെ. വികസനത്തിലും ജീവിതനിലവാരത്തിലും ക്ഷേമപദ്ധതികളിലും രാജ്യത്ത് ഒന്നാംസ്ഥാനത്തുള്ള കേരളത്തിന്റെ മികവ് മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. കള്ളപ്രചാരണങ്ങളിൽ കളംനിറയാൻ ശ്രമിക്കുന്ന യുഡിഎഫിനും എൻഡിഎക്കും കണക്കറ്റ മറുപടി മുഖ്യമന്ത്രി നൽകി. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തിലുണ്ടായ വികസനവും ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കുന്നു. പെൻഷൻ മാസാമാസം കൊടുക്കാൻ തുടങ്ങിയതും കുടിശ്ശിക ഗഡുക്കളായി കൊടുത്ത് തീർക്കുന്നതും സാധാരണക്കാർക്കിടയിൽ ആഹ്ലാദമുണ്ടാക്കുന്നു. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ ജനകീയതയ്‌ക്ക് മുന്നിൽ എതിരാളികൾ അടിപതറുന്നതാണ് കാണുന്നത്. 2016 മുതൽ 21 വരെ എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളും നടപ്പാക്കിയ പദ്ധതികളും അദ്ദേഹത്തെ ഏറെ സ്വീകാര്യനാക്കുന്നു. വഹിച്ച പദവികളിലല്ലാം വിജയംവരിച്ച സവിശേഷ വ്യക്തിത്വത്തിനുടമയാണ് പ്രദീപ് എന്നത് എതിരാളികൾക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. വ്യക്തമായ വികസന പദ്ധതികളും രാഷ്‌ട്രീയവും പറയാനില്ലാത്ത യുഡിഎഫ് ഗിമ്മിക്കുകളിൽ അഭയം തേടുകയാണ്. ചേലക്കര ഉൾപ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിന്റെ എംപി ആയിരുന്നപ്പോൾ ഒന്നും ചെയ്യാൻ കഴിയാതിരുന്ന രമ്യ ഹരിദാസിന്റെ പ്രവർത്തനം വിമർശിക്കപ്പെടുന്നു. നുണകളും അപവാദങ്ങളും ഉയർത്തിയാണ് യുഡിഎഫ് പ്രചാരണം. ഇതവർക്ക് തിരിച്ചടിയാകുമെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. പണക്കൊഴുപ്പാർന്ന പ്രചാരണം കൊണ്ടൊന്നും മുന്നേറാകില്ലെന്ന് എൻഡിഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. കെ ബാലകൃഷ്ണൻ (എൻഡിഎ), എൻ കെ സുധീർ (കോൺഗ്രസ് വിമതൻ), സ്വതന്ത്രരായ കെ ബി ലിന്റേഷ്, ഹരിദാസൻ എന്നിവരാണ് മറ്റുള്ളവർ. ബുധനാഴ്‌ചയാണ് വോട്ടെടുപ്പ്. തിങ്കളാഴ്‌ച കൊട്ടിക്കാലാശം. ചൊവ്വാഴ്‌ച നിശബ്ദ പ്രചാരണം. 23ന് ചെറുതുരുത്തി സ്‌കൂളിലാണ് വോട്ടെണ്ണൽ. 2,13,103 പേർക്കാണ് വോട്ടവകാശം. സ്‌ത്രീ–-1,11,197, പുരുഷന്മാർ–- 1,01,903, ട്രാൻസ്‌ജൻഡർ–- 3. സർവീസ് വോട്ടർമാർ 315 പേരാണ്. കിടപ്പുരോഗികളായ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്നതിനാൽ 1375 പേർ വോട്ട് രേഖപ്പെടുത്തി. 1418 പേരാണ് അപേക്ഷിച്ചത്. ഒമ്പത് പഞ്ചായത്തുകളിലായി 180 പോളിങ് ബൂത്തുകളുണ്ട്. 14 പ്രശ്നസാധ്യത ബൂത്തുകളുണ്ട്. Read on deshabhimani.com