യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

രജീഷ്


ചേർപ്പ്  ഊരകത്ത് യുവാവിനെ വെട്ടി ക്കൊലപ്പെടുത്താൻ  ശ്രമിച്ചയാൾ അറസ്റ്റിലായി. നിരവധി  ക്രിമിനൽ കേസുകളിലെ പ്രതി പല്ലിശ്ശേരി സ്വദേശി അമ്പാടത്തു വീട്ടിൽ രജീഷ് (40) നെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ ജി സുരേഷ് അറസ്റ്റ്‌ ചെയ്തത്. ഞായറാഴ്ച വൈകീട്ട് ഊരകം പല്ലിശ്ശേരിയിലാണ് സംഭവം. തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. മാരകമായി പരുക്കേറ്റ ഷൈജു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റു. ഒരു ചെവി വെട്ടേറ്റ് അറ്റ നിലയിലാണ്. സംഭവശേഷം രക്ഷപ്പെട്ട പ്രതി രാത്രി  കെട്ടിടത്തിനു മുകളിൽ ഒളിച്ചിരുന്ന് പുലർച്ചെ രക്ഷപ്പെടുകയായിരുന്നു.   തിങ്കളാഴ്ച  ഉച്ചയോടെ വെള്ളാങ്കല്ലൂരിൽ നിന്നാണ്  പൊലീസ് ഇയാളെ പിടികൂടിയത്.   കൊലപാതകശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ് പിടിയിലായ രജീഷ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഊരകം  പല്ലിശ്ശേരിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ്  ഇപ്പോഴത്തെ സംഭവം. 2021 ജൂണിൽ മൊബൈൽ ഫോണിൽ വിളിച്ചു ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവതിയെ ഊരകത്തു വച്ച് അടിച്ച് പരുക്കേൽപ്പിച്ച കേസിലും 2017 ൽ ഊരകം അനിത തിയറ്ററിനു സമീപം ഊരകം സ്വദേശിയെ മൺവെട്ടി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. മദ്യത്തിനടിമയായ ഇയാൾക്ക്  ചേർപ്പ് സ്റ്റേഷനിൽ മാത്രം മൂന്ന് കൊലപാതകശ്രമ കേസുകളുണ്ട്. പേരാമംഗലം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. മദ്യപിച്ചാൽ  കൂടെയുള്ളവരെ തന്നെ ആക്രമിക്കുന്ന സ്വഭാവക്കാരനാണ്. ചേർപ്പ് ഇൻസ്പെക്ടർ  കെ ഒ പ്രദീപ്, എസ്ഐ മാരായ പി വി ഷാജി, സജിപാൽ, റാഫേൽ,  ഡിവൈഎസ്‌പി ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒ ഇ എസ് ജീവൻ, സിപിഒ കെ എസ് ഉമേഷ്, സിന്റി ജിയോ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. Read on deshabhimani.com

Related News