കൈയയച്ച് സർക്കാർ; ഓണവിപണിയിൽ പൂക്കാലം
തൃശൂർ ക്ഷേമപെൻഷനുകളുടെ വിതരണവും വിപണിയിൽ സർക്കാർ ഇടപെടലും ചേർന്ന് ഓണം വർണമാകും. കർഷകത്തൊഴിലാളി, വാർധക്യം, വിധവ, ഭിന്നശേഷി തുടങ്ങി വിഭാഗങ്ങളിലുള്ളവരുടെ കൈകളിൽ സർക്കാർ പെൻഷൻ എത്തിച്ചു കഴിഞ്ഞു. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ലഭിച്ച പലവ്യഞ്ജനങ്ങളും മറ്റും സർക്കാർ ലഭ്യമാക്കി. വിലക്കുറവിന്റെ ഓണമൊരുക്കാൻ സബ്‌സിഡി നിരക്കിൽ 13 ഇന അവശ്യ സാധനങ്ങളാണ് സപ്ലൈകോ ഓണച്ചന്തകളിലൂടെ നൽകുന്നത്. സൗജന്യ ഓണക്കിറ്റും ലഭിച്ചതോടെ നിറചിരിയോടെ ഓണം ആഘോഷിക്കാം.സിപിഐ എം ആഭിമുഖ്യത്തിലുള്ള ഓണം പച്ചക്കറിച്ചന്തകൾ ഗ്രാമ–- നഗര ഭേദമന്യേ ലോക്കൽ കേന്ദ്രങ്ങളിലും ആരംഭിച്ചു. ഗുണമേന്മയുള്ള പച്ചക്കറികൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ കൃഷി വകുപ്പ് ജില്ലയിൽ 105 ഓണച്ചന്ത ആരംഭിച്ചിട്ടുണ്ട്. ഒരു കൃഷിഭവനിൽ ഒരു ചന്തയാണ് തുറന്നത്. ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രൊമോഷൻ കൗൺസിൽ (വിഎഫ്‌പിസികെ), കുടുംബശ്രീ, സഹകരണ സംഘങ്ങൾ എന്നിവയും ചന്തകൾ തുറന്നു. ഓണച്ചന്തകൾക്കായി എൽഡിഎഫ് സർക്കാർ പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതോടെ കീശ കാലിയാവാതെ ഓണം പൊടിപൊടിക്കാം. ഒരു മുറം പച്ചക്കറി പദ്ധതിപ്രകാരം ഉൽപ്പാദിപ്പിച്ചവയും ഓണത്തിന് നിറവേകും. 14 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. കെടിഡിസിയുടെ പായസ മേളയും അടുത്ത ദിവസം ആരംഭിക്കും. കുടുംബശ്രീ സംരംഭകർ സംഘടിപ്പിച്ച വിപണന മേളയും ഓണച്ചന്തയും സജീവമായിരുന്നു. ഖാദി, ഹാൻടെക്സ്, ഹാൻവീവ് തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റും നൽകി. സർക്കാർ–- അർധ സർക്കാർ –- സ്വകാര്യം മേഖലയിലെ ജീവനക്കാർക്ക് ഓണം ബോണസ് ലഭിച്ചു. Read on deshabhimani.com