തടവുകാരുടെ മക്കള്‍ക്കും പഠിക്കാം
തൃശൂർ തടവുകാരുടെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പിന്റെ വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിച്ചത് 23 പേര്‍ക്ക്. ജില്ലയിൽ രണ്ടുവർഷത്തിനിടെയാണ് ഇത്രയും വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭിച്ചത്. 1,83,000 രൂപയുടെ വിദ്യാഭ്യാസ ധനസഹായമാണ് വിതരണം ചെയ്തത്. 2022–-23ൽ 80,500 രൂപയും 2023–-24ൽ 1,02,500 രൂപയും ധനസഹായം നൽകി. ആഹാരം, വസ്ത്രം, സ്കൂൾ ഫീസ് തുടങ്ങിയ ചെലവുകൾക്കാണ് തുക അനുവദിക്കുന്നത്. അഞ്ചാം ക്ലാസുവരെയുള്ളവർക്ക് 500 രൂപയും ആറ് മുതൽ 10 വരെയുള്ളവർക്ക് 750 രൂപയും ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് 1000 രൂപയും ബിരുദ വിദ്യാർഥികൾക്ക് 1500 രൂപയും പ്രതിമാസം നൽകും. ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്ന തടവുകാരുടെ മക്കൾക്കാണ് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നത്. രണ്ടുവർഷത്തിനിടെ ജില്ലയിൽ 11 എൽപി വിദ്യാർഥികൾക്ക് 33,000 രൂപയും ഒമ്പത് യുപി വിദ്യാർഥികൾക്ക് 45,000 രൂപയും ഏഴ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് 35,000 രൂപയും നാല് ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് 30,000 രൂപയും രണ്ട് ഡിഗ്രി വിദ്യാർഥികൾക്കായി 20,000 രൂപയും വിദ്യാഭ്യാസ ധനസഹായം നൽകി. ജീവപര്യന്തമോ വധശിക്ഷയ്ക്കോ ശിക്ഷിക്കപ്പെട്ട തടവുകാരുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സ് പഠിക്കാനും ധനസഹായം നൽകുന്നുണ്ട്. എംബിബിഎസ്, ബിവിഎസ് സി കോഴ്സുകളാണെങ്കിൽ സർക്കാർ കോളേജുകളിൽ പഠിക്കുന്നവർക്കാണ് അർഹത. പരാമവധി ഒരു ലക്ഷം രൂപ വരെ സഹായം നൽകും. ഹയർസെക്കൻഡറി പരീക്ഷയിൽ 70 ശതമാനത്തിലധികം മാർക്ക് ലഭിച്ചവർക്കാണ് ധനസഹായത്തിന് അർഹത.സർക്കാർ മെറിറ്റിലാകണം പ്രവേശനം. അതാത് ജയിൽ സൂപ്രണ്ടുമാർ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ജില്ലയിൽ ബിഎസ്‌സി നഴ്സിങ് പഠിക്കുന്ന ഒരു വിദ്യാർഥിക്കാണ് ധനസഹായം. രണ്ടുവർഷത്തിനിടെ 20,000 രൂപ ധനസഹായം നൽകി. വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ധനസഹായ വിതരണം. Read on deshabhimani.com