പതിനായിരങ്ങളെ നിർവൃതിയിലാക്കി 
ഗുരുവായൂർ ഏകാദശി

ഏകാദശിയുടെ ഭാ​ഗമായി ക്ഷേത്രത്തില്‍ സ്വര്‍ണക്കോലമേറ്റിയുള്ള ശീവേലി എഴുന്നള്ളിപ്പ്


ഗുരുവായൂർ നാടിന്റെ പലഭാഗങ്ങളിൽനിന്നായി  പതിനായിരങ്ങളെത്തി,  പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആഘോഷിച്ചു. ഏകാദശി വ്രതം നോറ്റാണ്‌  വിശ്വാസികൾ   ബുധനാഴ്ച  ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തിയത്. രാവിലെ ഉഷപൂജക്കു ശേഷം നടന്ന കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ    സ്വർണക്കോലമേറ്റി.  ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിലുള്ള മേളം  രാവിലെ  കാഴ്ചശീവേലിക്ക് അകമ്പടിയായി.   പല്ലശ്ശന മുരളി, കലാമണ്ഡലം ഹരി നാരായണൻ എന്നിവരുടെ   നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക്  കിഴക്കോട്ടെഴുനള്ളിപ്പുനടന്നു. കൊമ്പൻ ​ഗോകുൽ  കോലമേറ്റി.      തിടമ്പില്ലാത്ത കോലവുമായി പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച്  നിറപറയോടെ എഴുന്നള്ളിപ്പിനെ വരവേറ്റ ശേഷം  നാഗസ്വരത്തിന്റെ അകമ്പടിയോടെയായിരുന്നു തിരിച്ചെഴുന്നള്ളിപ്പ്. വൈകിട്ട്‌ കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവ നടന്നു.   ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി സന്ധ്യക്ക് പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് കൃഷ്ണൻ അർജുനന് ഗീതോപദേശം നൽകുന്നതിന്റെ പ്രതിമ വഹിച്ചുള്ള രഥം നാമജപമന്ത്രങ്ങളോടെയും വാദ്യമേളങ്ങളോടെയും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തിരിച്ചെഴുന്നള്ളിപ്പിൽ ഗുരുവായൂർ മുരളിയുടെ നാദസ്വരം അകമ്പടിയായി. ഉച്ചയ്ക്കുള്ള  കാഴ്ച ശീവേലിയുടെ    പഞ്ചവാദ്യത്തിന് - കുനിശ്ശേരി അനിയൻ മാരാർ(തിമില)  - കലാമണ്ഡലം നടരാജ വാര്യർ(മദ്ദളം),   പല്ലശ്ശന സുധാകരൻ(ഇടയ്ക്ക)  എന്നിവർ നേതൃത്വം നൽകി.   സന്ധ്യക്ക്‌ ഗുരുവായൂർ ഗോപൻ മാരാരുടെ നേതൃത്വത്തിലായിരുന്നു  തായമ്പക.   രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ  ഇന്ദ്രസെൻ, വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടയ്‌ക്കയുടെ അകമ്പടിയോടെ നടക്കുമ്പോൾ നെയ് വിളക്കുകൾ തെളിച്ചു. മേളത്തിന്റെ അകമ്പടിയോടെ അഞ്ചാമത്തെ പ്രദക്ഷിണം നടന്നു. കിഴക്കൂട്ട് അനിയൻ മാരാരും  തിരുവല്ല രാധാകൃഷ്ണനും നേതൃത്വം നൽകുന്ന മേളം അരങ്ങേറി. വൈകീട്ട് 6:30 ന് ഗുരുവായൂർ ഗോപൻ മാരാർ നയിക്കുന്ന തായമ്പകയും രാത്രി വിളക്കിന് ഇടയ്ക്കയോടെയുള്ള ശീവേലിയുമുണ്ടായി. ഗുരുവായൂർ മുരളിയും  വടശ്ശേരി ശിവദാസനും നെന്മാറ കണ്ണനും നേതൃത്വം നൽകിയ നാഗസ്വരവും അകമ്പടിയായി. ഏകാദശിവ്രതമെടുക്കുന്നവർക്കുള്ള പ്രത്യേക പ്രസാദ ഊട്ടിന് വൻതിരക്കായിരുന്നു. പ്രസാദ ഊട്ട് വൈകിട്ട് ആറു വരെ തുടർന്നു. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടിന്  പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലും സൗകര്യമൊരുക്കി. 40,000–-ൽ അധികം പേർക്ക് പ്രസാദ ഊട്ട് നൽകി. ദ്വാദശി ദിവസമായ വ്യാഴം  പുലർച്ചെ നടക്കുന്ന ദ്വാദശിപ്പണ സമർപ്പണത്തോടെ ഏകാദശി ചടങ്ങുകൾക്ക് പരിസമാപ്തിയാകും.  ക്ഷേത്രം കൂത്തമ്പലത്തിലാണ് ദ്വാദശിപ്പണ സമർപ്പണം.  ദശമി ദിവസം പുലർച്ചെ മൂന്നിന് നിർമാല്യദർശനത്തിനായി തുറന്ന ക്ഷേത്രനട  വ്യാഴം രാവിലെ ഒമ്പതിന് അടയ്‌ക്കും. ശുദ്ധികർമങ്ങൾക്കുശേഷം വൈകിട്ടാണ് തുറക്കുക. Read on deshabhimani.com

Related News