മിന്നൽ മഴയിൽ നഷ്ടം 49 കോടി



തൃശൂർ ഫെയ്ൻജൽ ചുഴലിക്കാറ്റിന്റെ ഭാഗമായി ഡിസംബർ ഒന്നുമുതൽ നാലുവരെയുണ്ടായ കനത്തമഴയിൽ ജില്ലയിൽ 49.08 കോടിരൂപയുടെ കൃഷിനാശം. കൃഷി വകുപ്പിന്റെ സർവേ  റിപ്പോർട്ട്‌ പ്രകാരം 6,548  കർഷകരെ മഴ ബാധിച്ചു. നെൽകൃഷിയെയാണ്‌ സാരമായി ബാധിച്ചത്‌.    16 ബ്ലോക്ക്‌ പഞ്ചായത്തുകളിലായി 3,265  ഹെക്ടർ ഭൂമിയിലാണ്‌ നാശനഷ്ടം. 2,523 ഹെക്ടറും നെൽകൃഷിയാണ്‌. നെൽകൃഷിയിൽ 37.84 കോടി രൂപയുടെ നഷ്ടമുണ്ടായി. 4,169 നെൽകർഷകരെ ബാധിച്ചു. കോൾപ്പാടങ്ങളിലാണ്‌ കൂടുതൽ നാശം.  കൂടുതൽ ഹെക്ടർ കൃഷി നശിച്ചത്‌ ഇരിങ്ങാലക്കുട ബ്ലോക്കിലാണ്‌. 868 ഹെക്ടറിൽ നാശമുണ്ടായി. 1,214 കർഷകരെ ബാധിച്ചു.  13.02 കോടി രൂപയുടെ നഷ്ടമുണ്ട്‌. പുഴയ്ക്കൽ ബ്ലോക്കിലാണ്‌ ഏറ്റവും കൂടുതൽ കർഷകരെ ബാധിച്ചത്‌. 1,255 കർഷകരുടെ 647.67 ഹെക്ടർ കൃഷി നശിച്ചു. ഒമ്പത്‌ കോടിയുടെ നഷ്ടമുണ്ട്‌. ചൊവ്വന്നൂർ ബ്ലോക്കിൽ 750 കർഷകരുടെ 510.76 ഹെക്ടർ കൃഷി നശിച്ചു. ഏഴ്‌ കോടി രൂപയുടെ നഷ്ടമുണ്ട്‌.  ചേർപ്പിൽ 1,092 കർഷകരുടെ 427.97 ഹെക്ടറിലും അന്തിക്കാട്‌ 565 കർഷകരുടെ 276.40 ഹെക്ടറിലും കൃഷി നശിച്ചു. 700 ഓളം വാഴക്കൃഷിയും 300 ഓളം തെങ്ങ്‌ കൃഷിയയെയും മഴ ചതിച്ചു. ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തുകയും വിളകൾ ഇൻഷുറൻസ്‌ ചെയ്യാത്ത കർഷകർക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള നഷ്ടപരിഹാര തുകയും ലഭിക്കും. കൃഷി വകുപ്പ്‌  ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്‌ വിലയിരുത്തിയ ശേഷം നഷ്ടപരിഹാര തുക അനുവദിക്കും. Read on deshabhimani.com

Related News