വനിത സൗഹൃദ ബസ് സ്റ്റോപ്പ് സാമൂഹ്യ വിരുദ്ധരുടെ താവളം
ചാലക്കുടി വനിത സൗഹൃദ ബസ് സ്റ്റോപ്പ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു. കോടശേരി പഞ്ചായത്ത് ചൗക്കയിൽ നിർമിച്ച് വനിതകൾക്കായി തുറന്ന് കൊടുത്ത ബസ് സ്റ്റോപ്പാണ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയത്. 2012-–-13 ൽ നിർമൽ പുരസ്‌കാര ഫണ്ട് വിനിയോഗിച്ചാണ് വനിത സൗഹൃദ ബസ് സ്റ്റോപ്പ് നിർമിച്ചത്. ബസ് സ്റ്റോപ്പിൽ സ്ത്രീകൾക്കായി ബാത്ത് റൂമും നിർമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ വെള്ളവും വെളിച്ചവും ഇല്ലാത്ത അവസ്ഥയിലാണ്. പ്രതിദിനം നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ബസ് സ്റ്റോപ്പിൽ വന്ന് പോകുന്നത്. ചൗക്ക കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തുന്ന സ്ത്രീകളും, പനമ്പിള്ളി കോളജിലേക്ക് പോകുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്കും ആശ്രയമായിരുന്നു ബസ് സ്റ്റോപ്പ്. പഞ്ചായത്തിന്റെ പരിചരണമില്ലാതായതോടെ ബസ് സ്റ്റോപ്പിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യകുപ്പികളും നിറഞ്ഞു. ശുചിമുറി വൃത്തിഹീനമായാണ് കിടക്കുന്നത്. യാത്രക്കാരുടെ ഇരിപ്പിടങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ അടച്ചിടാൻ സൗകര്യമില്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധർ ഇവിടെ താവളമാക്കിയിരിക്കുകയാണ്. കോടശേരി പഞ്ചായത്ത് ഭരണസമിതി ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. Read on deshabhimani.com