ചരിത്രവിജയത്തിന്‌ 
എൽഡിഎഫ്‌



ചേലക്കര ചേലക്കര വോട്ടിടാൻ പോകുന്നത്‌ എൽഡിഎഫിന്‌ ചരിത്രവിജയം സമ്മാനിക്കാനെന്ന്‌ ഉറപ്പിച്ചു. തുടർച്ചയായി ഏഴാംതവണയും എൽഡിഎഫിന്റെ വിജയം വിളംബരം ചെയ്യുന്ന അഭൂതപൂർവമായ ജനപങ്കാളിത്തമായിരുന്നു പ്രചാരണത്തിൽ. വികസനത്തിനൊപ്പവും വർഗീയതയ്‌ക്കെതിരെയുമാണ്‌ ചേലക്കരയിലെ ജനങ്ങളെന്ന്‌ തെളിഞ്ഞു. മതേതരമൂല്യങ്ങൾക്കൊപ്പം അടിയുറച്ച്‌ നിൽക്കുന്നവരാണ്‌ ചേലക്കരയെന്ന്‌ ബുധനാഴ്‌ച പോളിങ് കേന്ദ്രത്തിലെത്തി ഒരിക്കൽക്കൂടി ചേലക്കര വ്യക്തമാക്കും.  മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള യുഡിഎഫിന്റെയും എൻഡിഎയുടെയും പ്രചാരണങ്ങളെ ജനങ്ങൾ തള്ളുന്നതാണ്‌ കണ്ടത്‌. രാഷ്‌ട്രീയ, ജാതി, മത വ്യത്യാസങ്ങൾക്കപ്പുറം ഒരുമയോടെയും സൗഹാർദത്തോടെയും നിൽക്കുന്നവരാണ്‌ തങ്ങളെന്ന് ജനങ്ങൾ പ്രഖ്യാപിക്കുന്നതാണ്‌ ചേലക്കരയിൽ കണ്ടത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളും തുടരാൻ തുടർന്നും പിന്തുണ നൽകുമെന്ന് ജനങ്ങൾ പ്രഖ്യാപിക്കുകയാണ്‌.  മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗങ്ങളിലുണ്ടായ  ജനപങ്കാളിത്തം  എൽഡിഎഫ്‌  കൈവരിക്കാൻ പോകുന്നത്‌ വമ്പിച്ച വിജയമാണെന്ന്‌ പ്രഖ്യാപിക്കുന്നതായി. 2700 ഓളം കുടുംബ യോഗങ്ങൾ നടന്നു. 170 പൊതുയോഗങ്ങളും മേഖലാ റാലികളും നടന്നു. മന്ത്രിമാരും എൽഡിഎഫ്‌ നേതാക്കളും പങ്കെടുത്തു.  സ്ഥാനാർഥി യു ആർ പ്രദീപ്‌ മൂന്ന്‌ ഘട്ടങ്ങളിലായി മണ്ഡലത്തിൽ പര്യടനം നടത്തി. സ്ഥാനാർഥിയും കെ രാധാകൃഷ്‌ണൻ എംപിയും ചേർന്ന്‌ മണ്ഡലത്തിൽ നടത്തിയ റോഡ്‌ഷോ ജനങ്ങൾ നെഞ്ചേറ്റി.  യുവജനങ്ങളുടെ വർധിച്ച പങ്കാളിത്തമാണ്‌ പ്രചാരണ പ്രവർത്തനങ്ങളിലുണ്ടായത്‌. ഇടതുപക്ഷ യുവജന സംഘടനകൾ ബൈക്ക്‌ റാലികളും റോഡ്‌ഷോയും നടത്തി. മഹിളകളും വിദ്യാർഥികളും  റാലികൾ നടത്തി. വർഗ ബഹുജന സംഘടനകളും വിവിധ വിഭാഗങ്ങളും  വീട്ടിലെത്തി വോട്ടർമാരെ കണ്ടു. മുതിർന്ന നേതാക്കളും പ്രവർത്തകരും വീടുകളിലെത്തി വോട്ടർമാരുമായി സംവദിച്ചു.  സാംസ്‌കാരിക പ്രവർത്തകരും കലാസംഘങ്ങളും കലാകാരന്മാരും  പിന്തുണയുമായി എത്തി. 177 ബൂത്ത്‌ കമ്മിറ്റികളും 22 മേഖലാ കമ്മിറ്റികളും സർവസജ്ജമായി  പ്രവർത്തിച്ചു. ശക്തമായ എൽഡിഎഫ്‌ രാഷ്‌ട്രീയാടിത്തറയുള്ള ചേലക്കര യു ആർ പ്രദീപിന്റെ  വിജയം വൻ ഭൂരിപക്ഷത്തിലാക്കാൻ ഒരുങ്ങിയിരിക്കുകയാണ്‌. Read on deshabhimani.com

Related News