ഈ മകൾ കരളിന്റെ കരൾ
കൊടുങ്ങല്ലൂർ കരൾ പകുത്ത് നൽകാൻ പ്രായമായില്ലെങ്കിലും സർക്കാർ കനിഞ്ഞതോടെ തന്റെ കരൾ ബാപ്പക്ക് നൽകാൻ കഴിയും എന്ന സന്തോഷത്തിലാണ് മകൾ റുബ . ബാപ്പയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ചിന്ത മാത്രമാണ് പ്ലസ് ടു വിദ്യാർഥിയായ മകൾക്കിപ്പോൾ. അഴിക്കോട് ജെട്ടി പൊക്കാക്കില്ലത്ത് മുബീറാണ് ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കുടുംബത്തിൽ മകൾ റുബയുടെ കരൾ മാത്രമാണ് മുബീറിന്റേതിനോട് യോജിക്കുന്നത്. എന്നാൽ, ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് പ്രകാരം പ്രായപൂർത്തിയായവർക്ക് മാത്രമാണ് അവയവം ദാനം ചെയ്യാനാകുക. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട അതോറിറ്റികളുടെയും സർക്കാരിന്റെയും മുൻ അനുമതിയോടെ ശാരീരിക മാനസികാരോഗ്യമുള്ള പ്രായപൂർത്തിയാകാത്ത വ്യക്തികൾക്കും അവയവങ്ങൾ ദാനം ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തിലാണ് റുബ അവയവദാനത്തിന് അനുമതി തേടി കുടുംബാരോഗ്യ ക്ഷേമവകുപ്പിനെ സമീപിച്ചത്. നവംബർ 26ന് റുബ വിദഗ്ധ സമിതിക്ക് മുന്നിൽ എത്തി. അവയവദാനത്തിന് പ്രാപ്തിയുള്ള വ്യക്തിയാണ് റുബയെന്ന് സമിതി വിലയിരുത്തി. തുടർന്നാണ് കരൾ പകുത്തു നൽകാൻ റൂബയ്ക്ക് സർക്കാർ അംഗീകാരം നൽകിയത്. മീൻവിതരണ തൊഴിലാളിയായ മുബീറിന് കോവിഡ് കാലത്താണ് മഞ്ഞപ്പിത്തം ബാധിച്ചത്. ചികിത്സ നടത്തിയെങ്കിലും കരളിനെ രോഗം ബാധിച്ചു. ചികിത്സ നടന്നുകൊണ്ടിരിക്കെ വാഹനാപകടത്തിൽ പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്വാസതടസ്സമുണ്ടായി. തുടർന്നുള്ള പരിശോധനയിലാണ് കരൾ എത്രയും വേഗം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. തുടർന്നാണ് തന്റെ കരൾ പകുത്തു നൽകാൻ റുബ സമ്മതം അറിയിച്ചത്. എന്നാൽ പ്രായ പൂർത്തിയാകാതെ അവയവ ദാനം നടത്താൻ കഴിയില്ലെന്ന് അറിഞ്ഞതോടെ നിരാശയായി. സർക്കാർ സമ്മതം നൽകിയതോടെ നിരാശ സന്തോഷമായി. പടിഞ്ഞാറെ വെമ്പല്ലൂർ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുകയാണ് റുബ. ഉമ്മ ഫസീലയും സഹോദരൻ അമനും അടങ്ങിയതാണ് മുബീറിന്റെ കുടുംബം. Read on deshabhimani.com