‘പറഞ്ഞ്‌ നാവെടുക്കും മുമ്പേ’
വീണ്ടും തമ്മിലടി



തൃശൂർ ജില്ലയിലെ  കോൺഗ്രസിലെ  തമ്മിലടി പരിഹരിക്കാൻ  സംഘടിപ്പിച്ച നേതൃക്യാമ്പും ഫലം കണ്ടില്ല.  ക്യാമ്പിലെ മുന്നറിയിപ്പിന്‌ പുല്ലുവില കൽപ്പിച്ച്‌  കോൺഗ്രസിൽ  പരസ്യ തമ്മിലടി.  ഞായറാഴ്‌ചയായിരുന്നു പുത്തൂരിൽ നേതൃക്യാമ്പ്‌ നടത്തിയത്‌. ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ്‌  വരുന്നതിനാൽ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌  ഒന്നിച്ചു നീങ്ങണമെന്നായിരുന്നു   പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഡിസിസി പ്രസിഡന്റ്‌ ചുമതലയുള്ള വി കെ ശ്രീകണ്‌ഠനും ക്യാമ്പിൽ പറഞ്ഞത്‌. തമ്മിലടിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പറഞ്ഞു.  എന്നാൽ   ചേലക്കര നിയമസഭാ മണ്ഡലത്തിലെ പഴയന്നൂരിലാണ്‌  തിങ്കളാഴ്‌ച കോൺഗ്രസ്‌ നേതാക്കൾ പരസ്യമായി തമ്മിലടിച്ചത്‌.  പഴയന്നൂർ പഞ്ചായത്ത്‌  പ്രസിഡന്റ് പി കെ മുരളീധരനും  യൂത്ത് കോൺഗ്രസ്  ബ്ലോക്ക്‌ ഭാരവാഹി ഹുസൈൻ പാറയ്‌ക്കലുമായാണ് കൈയാങ്കളിയുണ്ടായത്.   ജനങ്ങൾ നോക്കി നിൽക്കേ പഞ്ചായത്ത്‌ ഓഫീസിൽ നടന്ന അടിപിടിയുടെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നു.  പഞ്ചായത്തിലെ  തൊഴിലുറപ്പ് പ്രവൃത്തികളിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്റെ സഹോദരന്മാർ  ഉൾപ്പെട്ട അഴിമതി   വിവരാവകാശരേഖ വഴി  ഹുസൈൻ ശേഖരിച്ച്‌ പുറത്തുവിട്ടിരുന്നു.    തട്ടിപ്പുകൾ ഓംബുഡ്‌സ്മാനും  കണ്ടെത്തി.  വിജിലൻസ് അന്വേഷണവും നടന്നുവരികയാണ്.  ഇതിനിടെ ഒരു വിഭാഗം  തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌  തൊഴിൽ നിഷേധിച്ചിരുന്നു.  ഇത്‌ ചോദ്യം ചെയ്‌തതിനെത്തുടർന്നാണ്‌  തമ്മിലടിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ  കെ മുരളീധരന്റെ കനത്ത തോൽവിയെത്തുടർന്ന്‌ ഡിസിസി ഓഫീസിൽ ഇരുചേരികളായി തമ്മിലടിച്ചിരുന്നു. ഇതേത്തുടർന്ന്‌  ഡിസിസി പ്രസിഡന്റ്‌ ജോസ്‌ വള്ളൂർ, യുഡിഎഫ്‌ ചെയർമാൻ എം പി വിൻസന്റ്‌ എന്നിവരെ സ്ഥാനത്തുനിന്ന്‌ നീക്കി.  കോൺഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക്‌ പുറം തള്ളപ്പെട്ടതിൽ ടി എൻ പ്രതാപനും  അനിൽ അക്കരയും പ്രതിസ്ഥാനത്താണ്‌. അന്വേഷണ കമീഷൻ റിപ്പോർട്ട്‌ ഉടൻ പുറത്തുവരും.     ഡിസിസി പ്രസിഡന്റായി  വി കെ ശ്രീകണ്‌ഠൻ ചുമതലയേറ്റശേഷവും  ഗ്രൂപ്പുപോരും തമ്മിലടിയും രൂക്ഷമാവുകയാണ്‌. രഹസ്യഗ്രൂപ്പ്‌ യോഗങ്ങളും  തുടരുകയാണ്‌.  പാവറട്ടി ഉൾപ്പെടെ അടുത്തിടെ ജില്ലയിൽ  നടന്ന സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പുകളിൽ ഡിസിസിയുടെ ഔദ്യോഗിക പാനലുകളെ വെല്ലുവിളിച്ച്‌ എതിർചേരി മത്സരിച്ച്‌ വിജയിച്ചു. Read on deshabhimani.com

Related News