കർഷക സംഘം ജില്ലാ വാഹനജാഥ 18ന്‌ തുടക്കം



തൃശൂർ വന്യമൃഗ അക്രമണങ്ങൾക്കെതിരെ വനം –- -വന്യജീവി നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്‌ കിസാൻസഭ നേതൃത്വത്തിൽ 25ന് പാർലമെന്റ്‌ ധർണയും പറവട്ടാനി ഫോറസ്റ്റ്‌ ചീഫ്‌ കൺസർവേറ്റർ ഓഫീസ് ഉപരോധവും സംഘടിപ്പിക്കും. സമരത്തിന്റെ പ്രചരണാർഥം  കർഷക സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ വാഹന ജാഥ ബുധനാഴ്‌ച ഉദ്‌ഘാടനം ചെയ്യും.  വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. ബുധൻ വൈകിട്ട്‌ അഞ്ചിന്‌ എളനാട് സെന്ററിൽ കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി എ സി  മൊയ്തീൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്യും. ജാഥയിൽ കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി ക്യാപ്റ്റനും, ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസ് വൈസ് ക്യാപ്റ്റനും, ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ മാനേജരുമാണ്‌.  19ന് വൈകിട്ട്‌ 6ന്‌ പരിയാരത്ത് നടക്കുന്ന ആദ്യദിന സമാപന യോഗത്തിൽ കർഷക സംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  സി കെ രാജേന്ദ്രനും 20ന് വൈകിട്ട്‌ 6ന്‌ ഊരകത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി എംഎൽഎയും സംസാരിക്കും. വനവും ജനവാസ മേഖലയും വേർതിരിക്കാൻ മതിലുകളും വേലികളും ട്രഞ്ചുകളും സ്ഥാപിക്കുക, വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കൃഷിനശിച്ചവർക്കും നഷ്ടപരിഹാരം കാലോചിതമാക്കുക, പന്നിയുൾപ്പെടെയുള്ള അക്രമകാരികളായവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക, ഉൾവനങ്ങളിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌  സമരം. Read on deshabhimani.com

Related News