‘പാച്ചിലില്ലാതെ’ ഉത്രാടം ഇന്ന്
തൃശൂർ തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. ഉത്രാടപ്പാച്ചിൽ ദിനമായ ശനിയാഴ്ച ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഓണത്തോടനുബന്ധിച്ച് സർക്കാർ വിപണികൾ സജീവമായതും ക്ഷേമപെൻഷനുകൾ കൈകളിലെത്തിയതും ഉത്രാടപ്പാച്ചിലിന് ആശ്വാസമേകും. കൂടാതെ സർക്കാരിന്റെ ഓണച്ചന്തകൾ വഴി കുറഞ്ഞ വിലയ്ക്ക് പച്ചക്കറിയും മറ്റ് അവശ്യ വസ്തുക്കളും ലഭ്യമാണ്. അത്തം മുതൽ ഓണവിപണി സജീവമായിരുന്നെങ്കിലും ശനിയാഴ്ച തിരക്ക് പാരമ്യത്തിലെത്തും. സദ്യയ്ക്കുള്ള സാധനങ്ങളും പൂക്കളും പുതുവസ്ത്രങ്ങളും വാങ്ങാനുള്ള തിരക്കാണ് നാടെങ്ങും. തേക്കിൻക്കാട് തെക്കേഗോപുരനടയ്ക്കു സമീപം പൂവിൽപ്പന തകൃതിയാണ്. എന്നാല്‍ ഇടവിട്ടുള്ള മഴ വിപണിയെ ബാധിക്കുന്നുണ്ട്. മഴ പേടിച്ച് ഷെഡുകൾ കെട്ടിയാണ് പൂവിൽപ്പന. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുമായെത്തുന്നവർ വഴിയരികിൽ വിൽപ്പനയ്ക്കുണ്ട്. വെള്ള ജമന്തി, മഞ്ഞ ജമന്തി, വാടാമല്ലി, അരളി, ആസ്ട്രിൻ, ഓറഞ്ച് ബന്തി, മഞ്ഞ ബന്ദി, റോസ്, ഡാലിയ, താമരമൊട്ടി, എവർഗ്രീൻ എന്നിവയാണ് വില്‍പ്പനയില്‍ മുമ്പില്‍. ഇതിൽ ബന്തി പൂക്കൾ മാത്രമാണ് സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നാട്ടിൽ കൃഷി ചെയ്തിട്ടുള്ളത്. എല്ലാ പൂക്കളും കൂടിയുള്‍പ്പെടുത്തിയ പ്രത്യക കിറ്റും വിൽക്കുന്നുണ്ട്. സ്വിഗ്ഗി അടക്കമുള്ള ഓൺലൈൻ ആപ്ലിക്കേഷനിലൂടെയും പൂക്കൾ ലഭ്യമാണ്. റെഡിമെയ്ഡ് പൂക്കളവും വിപണിയിലുണ്ട്. സദ്യവട്ടത്തിനുള്ള പച്ചക്കറികൾ വാങ്ങാൻ പൂരാടം മുതൽ തിരക്കാണ്. മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വൻതിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രവിൽപ്പന സ്ഥാപനങ്ങൾക്ക് സമീപമുള്ള റോഡുകൾ അത്തം തുടങ്ങിയതുമുതല്‍ ഗതാഗതകുരുക്കിലാണ്. ഇതിനൊപ്പം സദ്യയും വിവിധതരം പായസങ്ങളും ഒരുക്കി കാറ്ററിങ് സർവീസുകളും തയ്യാറായിക്കഴിഞ്ഞു. ഉത്രാടത്തിനും ഓണത്തിനുമുള്ള ബുക്കിങ് ആഴ്ചകൾക്കു മുമ്പേ പൂർത്തിയാക്കി. വാഴയിലകളും തെങ്ങിൻപൂക്കുലയും ഓണത്തപ്പന്മാരെയും വാങ്ങാൻ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നതും ഉത്രാടദിനം തന്നെ. Read on deshabhimani.com