സംയോജിത പോർട്ടൽ ഈ മാസം മുതൽ: മന്ത്രി കെ രാജൻ
മാടക്കത്തറ കേരളത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കുമായുള്ള സംയോജിത പോർട്ടൽ ഒക്‌ടോബർ അവസാനം നിലവിൽ വരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വെള്ളാനിക്കര വില്ലേജിലെ ഡിജിറ്റൽ ലാൻഡ് സർവേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയിൽ ആദ്യമായി ഭൂരേഖകൾ ഡിജിറ്റലാക്കിയ സംസ്ഥാനമായി കേരളം മാറും. ഒന്നര വർഷം കൊണ്ട് 5 ലക്ഷം ഹെക്ടർ ഭൂമി അളക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. 222 വില്ലേജിൽ സർവേ നടപടികൾ പൂർത്തീകരിച്ചു. ജനങ്ങളുടെ എല്ലാ പരാതികളും പരിഹരിച്ച ശേഷം മാത്രമേ മുന്നോട്ടു പോകൂ’–- മന്ത്രി പറഞ്ഞു. മാടക്കത്തറ പഞ്ചായത്തിൽ തേറമ്പത്തെ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്ക് ഈ വർഷം തന്നെ പട്ടയം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വെള്ളാനിക്കര വില്ലേജിൽ 491 ഹെക്ടർ ഭൂമിയാണ് അളക്കാനുള്ളത്. 6 മാസം കൊണ്ട് സർവേ പൂർത്തിയാക്കും. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് , സബ് കലക്ടർ അഖിൽ വി മേനോൻ, ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര , പി ആർ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com