മഖാമിൽ മോഷണം: നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നു
കുന്നംകുളം പഴുന്നാന മഹല്ല് ജുമാമസ്ജിദിന് കീഴിലുള്ള ഷെയ്ഖ് യൂസഫ് അൽ ഖാദിരി മഖാമിൽ മോഷണം. മഖാമിനുള്ളിൽ സ്ഥാപിച്ച ഒരു നേർച്ചപ്പെട്ടിയും പുറത്ത് സ്ഥാപിച്ച രണ്ട് നേർച്ചപ്പെട്ടികളും തകർത്ത് പണം കവർന്നു. ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് വിലയിരുത്തൽ. ശനി രാത്രി 10നും ഞായർ പുലർച്ചെ 5നും ഇടയിലാണ് മോഷണം. രാവിലെ മഖാമിൽ എത്തിയവർ നേർച്ചപ്പെട്ടികൾ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഫക്രുദീൻ, സബ് ഇൻസ്പെക്ടർ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനരഹിതമാണ്. സമീപത്തെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംശയാസ്പദമായ രീതിയിൽ മൂന്നുപേർ ബൈക്കിൽ പോകുന്നത് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. നേർച്ചപ്പെട്ടികൾ തകർക്കാൻ ഉപയോഗിച്ച ഇരുമ്പ് വടിയും കല്ലും പള്ളിക്കുള്ളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. രണ്ടുമാസം മുമ്പ് മേഖലയിലെ വീട്ടിൽനിന്ന് സ്വർണം മോഷണം പോയതായി പരാതിയുണ്ട്. Read on deshabhimani.com