വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം വേണം
കോടിയേരി ബാലകൃഷ്‌ണൻ നഗർ (അളഗപ്പനഗർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) കൊടകര ഏരിയയിലെ വിവിധ മേഖലയിൽ താമസിക്കുന്നവർ നേരിടുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് സിപിഐ എം കൊടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആമ്പല്ലൂരിലെ അളഗപ്പ ടെക്‌സ്‌റ്റൈൽസ് തുറക്കണം, ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂർ മണ്ഡലങ്ങളെ ജലസമ്പുഷ്ടമാക്കാൻ ഉതകുന്ന ഇടമലയാർ ജലസേചന പദ്ധതി പൂർത്തീകരിക്കണം, ദേശീയ പാതയിലെ സിഗ്നലുകൾ സർവീസ് റോഡുകൾ എന്നിവ പ്രവർത്തനക്ഷമമാക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പൊതുചർച്ചയിൽ ജില്ലാ സെക്രട്ടറി എം എം വർഗീസും പ്രവർത്തന റിപ്പോർട്ടിൽ ഏരിയ സെക്രട്ടറി പി കെ ശിവരാമനും മറുപടി നൽകി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഡേവിസ്, കെ കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 13 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 35 പേർ ചർച്ചയിൽ പങ്കെടുത്തു. പി സി ഉമേഷ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ശനി വൈകിട്ട് നാലിന് ആമ്പല്ലൂർ അളഗപ്പ ടെക്സ്റ്റൈൽസ് പടിക്കൽനിന്ന് ചുവപ്പ്സേനാ മാർച്ചും ബഹുജനറാലിയും ആരംഭിക്കും. വൈകിട്ട് അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ (ജോർജ് ടൗൺ) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും. Read on deshabhimani.com