വിജ്ഞാനലോകത്തേക്ക്‌ ഉല്ലാസയാത്ര

ജില്ലാതല ഉദ്‌ഘാടനത്തിന്‌ ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെത്തിയ വിദ്യാർഥികൾ


തൃശൂർ ചോദ്യങ്ങളുടെ കൈപിടിച്ച് ഉത്തരങ്ങൾ തേടി, അറിവിന്റെ അക്ഷരമുറ്റത്തേക്ക് ഒരു ഉല്ലാസയാത്ര. അതായിരുന്നു ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ –-13’ സ്കൂൾതല മത്സരങ്ങൾ. കവിതയുടെ താളവും കഥയുടെ രസക്കൂട്ടും കണക്കിന്റെ വേഗവും ശാസ്ത്രത്തിന്റെ വിസ്മയങ്ങളും ചരിത്ര യാഥാർഥ്യങ്ങളും കായിക നാഴികക്കല്ലുകളും കുട്ടികൾക്ക് മധുരം പകർന്നു.  എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാ​ഗങ്ങളിലായി നടന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിൽ 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ‘1945ൽ നാ​ഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേരെന്താണ്?’ എന്ന ചോദ്യത്തോടെയാണ് എൽപി വിഭാ​ഗം മത്സരം തുടങ്ങിയത്.  കുറച്ചുപേരെ ചോദ്യം വെട്ടിലാക്കിയെങ്കിലും ഭൂരിഭാ​ഗവും ഉത്തരം ശരിയാക്കി. ഡെങ്കിപ്പനി പരത്തുന്ന കൊതുകും ഇം​ഗ്ലീഷ് അക്ഷരമാലയിലെ അവസാന സ്വരാക്ഷരവും  അടുത്ത ഒളിമ്പിക്സ് നടക്കുന്ന ന​ഗരവും ലോക അഹിംസാദിനവും ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷവും  ഉൾപ്പെടെ ചോദ്യങ്ങളായി.  കൃഷ്ണ​ഗാഥ രചിച്ചതാരെന്ന ചോദ്യത്തോടെയാണ് യുപി വിഭാ​ഗം മത്സരം ആരംഭിച്ചത്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി ആരെന്ന ചോദ്യം ഭൂരിഭാ​ഗവും ശരിയാക്കി. പാരീസ് ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടിയ ഇന്ത്യക്കാരിയും ട്വിറ്ററിന്റെ പുതിയ പേരും ചോ​ദ്യങ്ങളായപ്പോൾ കുട്ടികൾ അതിവേ​ഗം ശരിയുത്തരമെഴുതി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് ഏതെന്ന ചോദ്യവുമായാണ് ഹൈസ്കൂൾ വിഭാ​ഗം മത്സരം ആരംഭിച്ചത്.   സാൻ ഫെർണാഡോ എന്ന ഉത്തരം ശരിയാക്കിയത് കുറച്ചുപേർ മാത്രം. ഇന്ത്യയിൽ പോക്സോ നിയമം നിലവിൽ വന്ന വർഷവും ചങ്ങമ്പുഴയുടെ വാഴക്കുലയുമെല്ലാം ചോദ്യങ്ങളായി.ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വനിത ആരെന്നായിരുന്നു ഹയർസെക്കൻഡറി വിഭാ​ഗത്തിലെ ആദ്യ ചോദ്യം. ഭൂരിഭാ​ഗവും ഉത്തരം ശരിയാക്കി.  ഭാരതീയ നിയമ സംഹിതയും ഹോർത്തൂസ് മലബാറിക്കസെഴുതിയ ഭാഷയുമെല്ലാം ചോദ്യങ്ങളായി. ശരി ഉത്തരമെഴുതിയവർക്ക് മാർക്ക് ലഭിച്ച സന്തോഷമായിരുന്നെങ്കിൽ തെറ്റുത്തരമെഴുതിയവർക്ക് പുതിയ അറിവ് ലഭിച്ച സന്തോഷമായിരുന്നു. Read on deshabhimani.com

Related News