സാമ്പത്തിക ക്രമക്കേട്: ശങ്കരപുരം ക്ഷേത്ര ഭരണസമിതി പിരിച്ചു വിട്ടു
കുന്നംകുളം സ്വർണാഭരണം മറിച്ചു വിൽക്കുകയും, വൻ സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്തുവെന്ന പരാതിയിൽ ശങ്കരപുരം മഹാവിഷ്ണു ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ട് കൊച്ചിൻ ദേവസ്വം ബോർഡ്. പി യു പ്രതീഷ്, കെ കെ മിഥുൻ, എം കെ ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് ദേവസ്വം പിരിച്ചുവിട്ടത്. ഈ കമ്മിറ്റിയിലെ അംഗങ്ങളെ ഇനിയൊരിക്കലും ക്ഷേത്ര സമിതിയിലേക്ക് പരിഗണിക്കരുതെന്ന കടുത്ത നിർദേശം ഉൾപ്പെടെയാണ് നോട്ടീസ് നൽകിയത്. 2012ൽ അധികാരത്തിൽ വന്ന ഭരണ സമിതി 11 വർഷമായി യഥാസമയം വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയോ രേഖകൾ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിശ്വാസികൾ പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ചിൽ കമ്മിറ്റിയെ സസ്പെൻഡ് ചെയ്ത് ഭരണം ദേവസ്വം ട്രസ്റ്റി ബിജുവിനെ ഏൽപ്പിച്ചിരുന്നു. പരാതിയെ തുടർന്ന് ദേവസ്വം ഓഡിറ്റിങ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തി. പിന്നാലെ ദേവസ്വം ബോർഡ് ദേവസ്വം വിജിലൻസ് വിഭാഗം അന്വേഷണത്തിനായി ഉത്തരവിട്ടു. ഇതിലും ക്രമക്കേടുകൾ കണ്ടെത്തി. ഡെപ്യൂട്ടി സെക്രട്ടറി ഇവ അന്വേഷിച്ച് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ക്ഷേത്രത്തിലേക്ക് ലഭിച്ച സ്വർണാഭരണങ്ങൾ മതിയായ അനുമതികൾ ഇല്ലാതെ കുന്നംകുളത്തെ സ്വകാര്യ ജ്വല്ലറിയിൽ നിന്ന് ഉരുക്കി മറ്റൊരു മാലയാക്കി മാറ്റിയെന്ന പരാതി ശരിയാണെന്ന ഗുരുതര കണ്ടെത്തലിനെ തുടർന്ന് അനുബന്ധ അന്വേഷണത്തിനും ഉത്തരവിൽ ശുപാർശയുണ്ട്. ക്ഷേത്രം ട്രസ്റ്റിയായി പ്രവർത്തിക്കുന്ന ദേവസ്വം പ്രതിനിധി പി ബി ബിജു അടുത്ത ദിവസം തന്നെ ഭരണ ചുമതല ഏറ്റെടുക്കും. Read on deshabhimani.com