ചാലക്കുടിയിലെ ഏജൻസിക്കെതിരെ മനുഷ്യക്കടത്ത്‌ ചുമത്തി



തൃശൂർ റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സന്ദീപ്‌ അടക്കമുള്ളവരെ റഷ്യയിലേക്ക്‌ കൊണ്ടുപോയ ചാലക്കുടിയിലെ ഏജൻസിക്കെതിരെ മനുഷ്യക്കടത്ത്‌ ചുമത്തി. ഏജൻസി ഉടമയായ സ്റ്റീവ്‌ എന്നറിയപ്പെടുന്ന സുമേഷ്‌ ആന്റണിയെ പ്രതിയാക്കിയാണ്‌ എഫ്‌ഐആർ ഇട്ടിട്ടുള്ളത്‌. സുമേഷിന്റെ റഷ്യയിലുള്ള സുഹൃത്ത്‌ വഴിയാണ്‌ വിസ സംഘടിപ്പിച്ചത്‌. അടുത്ത ഘട്ടത്തിൽ ഇയാളെയും കേസിൽ പ്രതിച്ചേർക്കും. വിദേശത്തേക്ക്‌ ആളുകളെ കൊണ്ട്‌ പോകാനുള്ള ലൈസൻസില്ലാതെയാണ്‌ ഏജൻസി പ്രവർത്തിച്ചിരുന്നത്‌.  എമിഗ്രേഷൻ ആക്ടും ചുമത്തിയിട്ടുണ്ട്‌. ഇവരെ  ഹോട്ടൽ ജോലിക്ക്‌ എന്ന്‌ പറഞ്ഞാണ്‌ കൊണ്ടുപോയത്‌. എന്നാൽ ഇവരെ റഷ്യൻ സൈന്യത്തിൽ എത്തിച്ചതും ഏജൻസി തന്നെയാണ്‌. വിസ സംഘടിപ്പിച്ച്‌ നൽകിയ റഷ്യയിലെ സുഹൃത്താണോ ഇതിനായുള്ള ഇടപെടൽ നടത്തിയതെന്ന്‌ പരിശോധിക്കുന്നുണ്ട്‌. ഏജൻസി ഉടമ  മറ്റൊരു വിസ തട്ടിപ്പ് കേസിൽ പ്രതിയാണ്‌. മൂന്നു വർഷം മുമ്പ്‌ ഇയാളടങ്ങുന്ന സംഘം വിസ നൽകാമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയിരുന്നു.  സന്ദീപിനൊപ്പം സൈന്യത്തിൽ ചേർന്ന കൊടകര സ്വദേശി സന്തോഷ്‌ കാട്ടുങ്കൽ ഷൺമുഖന്റെ മൊഴി കേസ്‌ അന്വേഷിക്കുന്ന കൊടകര ഇൻസ്‌പെക്ടർ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്‌. 60 ദിവസത്തെ സ്വകാര്യ വിസയിൽ ഏപ്രിൽ ആദ്യ ആഴ്‌ചയിലാണ്‌ സന്ദീപും സന്തോഷും അടക്കമുള്ളവർ റഷ്യയിലേക്ക്‌ പോയത്‌. മെയ്‌ അവസാനം ഇവർ സൈന്യത്തിൽ ചേരുകയും പൗരത്വം ലഭിക്കുകയും ചെയ്‌തു.  കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്‌ പ്രകാരം 19 ഇന്ത്യക്കാരാണ്‌ നിലവിൽ റഷ്യൻ പട്ടാളത്തിലുള്ളത്‌. കലക്ടർക്ക്‌ സന്തോഷിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്‌പി സുമേഷിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനുശേഷമാണ്‌ കേസെടുത്ത്‌ അന്വേഷിക്കാൻ തീരുമാനിച്ചത്‌. റഷ്യൻ സൈന്യത്തിൽകുടുങ്ങിയ തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ കുരിയൻ, സഹോദരീ ഭർത്താവ് കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു എന്നിവരും ഏജൻസി വഴിയാണ്‌ പോയത്‌. ഇതു സംബന്ധിച്ച്‌ പരാതിയൊന്നും ലഭിച്ചിട്ടില്ല. കിട്ടിയാൽ അന്വേഷണം നടത്തുമെന്ന്‌ പൊലീസ്‌ പറഞ്ഞു. Read on deshabhimani.com

Related News