കുടുംബശ്രീ 
ഒരുക്കിയത്‌ 8423 വീടുകൾ



തൃശൂർ കേന്ദ്ര, സംസ്ഥാന സർക്കാരുകളും മുനിസിപ്പാലിറ്റിയും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലൈഫ് പദ്ധതിയിൽ ജില്ലയിൽ നിർമാണം പൂർത്തിയാക്കിയത്‌ 8423 വീട്‌. ജില്ലയിൽ 11,536 ഗുണഭോക്താക്കളാണുള്ളത്‌. 3113 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. 2025 മാർച്ചിനുള്ളിൽ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ജില്ലയിലെ ഏഴ്‌ നഗരസഭകളുടെയും കോർപറേഷന്റെയും സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.  മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് നാല് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. മുനിസിപ്പാലിറ്റി വിഹിതമായി രണ്ട് ലക്ഷം രൂപയും കേന്ദ്ര വിഹിതമായി ഒന്നര ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 50,000 രൂപയും ഗുണഭോക്താവിന് ലഭിക്കും. പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതി വഴിയും വായ്‌പ ലഭിക്കും. ലൈഫ് മിഷനുമായി സഹകരിച്ച്‌ സംസ്ഥാനത്ത്‌ ഭൂരഹിത ഭവനരഹിതർക്കുവേണ്ടി 970 യൂണിറ്റുകൾ ഉൾപ്പെടുന്ന 11 ഭവന സമുച്ചയം നിർമിക്കാനുള്ള അനുമതിയും കുടുംബശ്രീ സ്വന്തമാക്കി.  ഗുണഭോക്താവിന്റെ നേതൃത്വത്തിൽ വ്യക്തിഗത ഭവന നിർമാണത്തിനുള്ള സബ്‌സിഡിയും ലഭ്യമാകും. സംസ്ഥാനത്ത്‌ 89,424 വീടുകളുടെ നിർമാണം പൂർത്തിയായി. Read on deshabhimani.com

Related News