വെള്ളം കണ്ടാൽ നിൽക്കില്ല റോബോട്ട്
തൃശൂർ കരയിലും വെള്ളത്തിലും തനിയെ സഞ്ചരിക്കുന്ന റോബോട്ടുകൾ നിർമിച്ച് സഹോദരിമാർക്ക് നേട്ടം. അഹമ്മദാബാദിൽ നടന്ന ദേശീയ റോബോട്ടിക്‌സ് ഒളിമ്പ്യാഡിൽ ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തിൽ സ്വർണമെഡലും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും നേടി മാള ഹോളി ഗ്രേയ്‌സ് അക്കാദമി എഴാംക്ലാസ് വിദ്യാർഥിനി കാത്‌ലിൻ മാരി ജീസനും സഹോദരി നാലാംക്ലാസുകാരി ക്ലെയർ റോസ് ജീസനും. റെസ്‌ക്യൂ ക്ലീൻ റോവേഴ്‌സ് എന്ന പ്രോജക്ടിലാണ് ഇരുവർക്കും ഒന്നാംസ്ഥാനം ലഭിച്ചത്. വെള്ളപ്പൊക്ക സമയത്ത് പ്രയോജനപ്പെടുന്ന തരത്തിൽ കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന റോബോട്ടാണ് നിർമിച്ചത്. ജിപിഎസ് സംവിധാനം വഴി ലൊക്കേഷൻ കൈമാറാനും പരിസ്ഥിതി വിവരങ്ങൾ നൽകാനും സാധിക്കും. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുൾപ്പടെ 12 റീജിയണുകളിലെ 100 വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികൾ പങ്കെടുത്തിരുന്നു. തൃശൂർ അമ്പഴക്കാട് പള്ളിപ്പാട്ട് ജീസന്റെയും ലിയയുടെയും മക്കളാണ് കാത്‌ലിനും ക്ലെയറും. നവംബറിൽ തുർക്കിയയിൽ നടക്കുന്ന ലോക റോബോട്ടിക്‌സ് ഒളിമ്പ്യാഡിൽ ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കും. ഇരുവരേയൂം ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ഡോ. ക്ലമൻസ് തോട്ടാപ്പിള്ളിയും പ്രിൻസിപ്പൽ എം ബിനിയും അഭിനന്ദിച്ചു. Read on deshabhimani.com