കോൺഗ്രസിനും ബിജെപിക്കും കനത്ത പ്രഹരം: സിപിഐ എം
തൃശൂർ കരുവന്നൂർ കേസിൽ സിപിഐ എമ്മിനെതിരെ കള്ളപ്രചാരണം നടത്തിയ കോൺഗ്രസ്–- ബിജെപി ഉൾപ്പെടെയുള്ള വലതുപക്ഷ ശക്തികൾക്ക് ലഭിച്ച ശക്തമായ പ്രഹരമാണ് പി ആർ അരവിന്ദാക്ഷൻ കേസിൽ ഹൈക്കോടതി വിധിയെന്ന് സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി. കേസിൽ അരവിന്ദാക്ഷനെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി പ്രതിയാക്കിയതിനെത്തുടർന്ന് നിരന്തരമായ അപവാദ പ്രചാരണമാണ് കോൺഗ്രസും ബിജെപിയും വലതുപ്രചാരകരും പാർടിക്കെതിരെ നടത്തിയത്. 15 മാസമാണ് കള്ളക്കേസിൽ പ്രതിയായി അരവിന്ദാക്ഷൻ ജയിലിൽ കഴിഞ്ഞത്. കുറ്റം ചെയ്തുവെന്ന് കരുതാൻ മതിയായ കാരണങ്ങളൊന്നും കാണുന്നില്ലെന്നാണ് ജാമ്യവിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചത്. 2023 സെപ്തം. 23നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ഒരു തെളിവുമില്ലാതെയാണ് അരവിന്ദാക്ഷനെ പ്രതിയാക്കിയതെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെക്കുറിച്ച് കള്ള പ്രചാരകർ പ്രതികരിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും വേട്ടയാടാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ വ്യാപകമായി ദുരുപയോഗിച്ചു. എ സി മൊയ്‌തീൻ എംഎൽഎയുടെ വീട് റെയ്ഡ് ചെയ്ത് കോടികൾ കണ്ടുകെട്ടിയെന്ന് വാർത്ത നൽകി. സത്യവുമായി പുലബന്ധമില്ലാത്ത വാർത്തകൾ മാധ്യമങ്ങൾ നിരന്തരം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ചോദ്യം ചെയ്യാനെന്ന പേരിൽ ഒമ്പത് തവണയാണ് ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചത്. പൊറത്തിശേരി ലോക്കൽ കമ്മിറ്റിക്ക് ഓഫീസ് നിർമിക്കാൻ ഭൂമി വാങ്ങിയത്, കരുവന്നൂർ കേസിൽ അഴിമതി നടത്തിയാണെന്ന് സ്ഥാപിക്കാൻ കള്ളങ്ങൾ നിരന്തരം വാർത്തയാക്കി. സിപിഐ എം പ്രാദേശിക ഘടകങ്ങളുടെ ഓഫീസുകൾ നിർമിക്കാൻ ഭൂമി വാങ്ങുന്നത് ജില്ലാ സെക്രട്ടറിയുടെ പേരിലാണ്. ഇത് സാധാരണ നടപടി ക്രമം മാത്രമാണെന്ന വസ്തുത മറച്ചുവച്ചു. കള്ളങ്ങൾ പലവട്ടം ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ സിദ്ധാന്തം തൃശൂരിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ ആവർത്തിച്ചു. ഹൈക്കോടതി വിധിയോടെ ഈ വിഷയത്തിൽ സിപിഐ എം നേരത്തെ നൽകിയ വിശദീകരണം പകൽവെളിച്ചം പോലെ വ്യക്തമായി. കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് സിപിഐ എമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി. രാഷ്‌ട്രീയ പകപോക്കലിനായി ഒരു തരത്തിലും നീതീകരണമില്ലാത്ത ഈ നടപടികളെ സിപിഐ എം നിയമപരമായി ചോദ്യം ചെയ്‌തു. കൃത്യമായ വിശദീകരണം പോലും നൽകാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. നിരവധി കള്ളക്കേസുകളെ നേരിട്ട് വളർന്നുവന്ന പ്രസ്ഥാനമാണ് സിപിഐ എം. കോൺഗ്രസിന്റെ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ പാർടിയുടെ കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കളെ പലഘട്ടങ്ങളിലായി ജയിലിൽ അടച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചു. ഇപ്പോൾ കേന്ദ്രഭരണകക്ഷിയായ ബിജെപി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർടിയെ തകർക്കാൻ കേന്ദ്രാധികാരം ദുരുപയോഗിക്കുകയാണ്. കോൺഗ്രസാകട്ടെ കേരളത്തിൽ ഇതിന് ചൂട്ടുപിടിക്കുന്നു. ബിജെപി–- സിപിഐ എം അന്തർധാര എന്ന നട്ടാൽ കുരുക്കാത്ത നുണയും കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നു. ഈ നുണ പ്രചാരക സംഘങ്ങൾ അരവിന്ദാക്ഷൻ കേസിൽ ഹൈക്കോടതി വിധിയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനങ്ങളെ അണിനിരത്തി തുടർന്നും കള്ളക്കേസുകൾക്കെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് ജില്ലാകമ്മിറ്റി പ്രമേയത്തിലൂടെ വ്യക്തമാക്കി. Read on deshabhimani.com