സമഭാവനയിൽ അധിഷ്ഠിതമായ നവഭാരതം സൃഷ്ടിക്കണം: മന്ത്രി ആർ ബിന്ദു

തൃശൂരിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മന്ത്രി ആർ ബിന്ദു ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിക്കുന്നു


തൃശൂർ സമഭാവനയിൽ അധിഷ്ഠിതമായ നവഭാരത  നിർമിതിക്കായി ഓരോ ഇന്ത്യൻ പൗരനും ശ്രമിക്കണമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.  സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലത്ത് അന്ധവിശ്വാസങ്ങളും കാലഹരണപ്പെട്ട ആചാരങ്ങളും തിരിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതിലുപരി ശാസ്ത്രീയചിന്തയോടെയും യുക്തി ബോധത്തോടെയും വൈജ്ഞാനിക അന്വേഷണങ്ങളുടെ വേഗം വർധിപ്പിച്ച് സമത്വത്തിലും തുല്യതയിലും ഊന്നിയ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഒന്നിച്ച് കൈകോർക്കേണ്ടത് അനിവാര്യമാണ്. വർഗീയതയുടെയും  വിഘടന വാദത്തിന്റെയും വംശീയതയുടെയും വിത്തുകൾ വിതച്ച്‌ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്ന പ്രവണതകൾക്കെതിരെ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ച് നേരിടണമെന്നും മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. അഹിംസയിൽ അടിയുറച്ചുനിന്ന് സമാനതകളില്ലാത്ത സമരാനുഭവങ്ങളാണ് ലോക ചരിത്രത്തിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനം രേഖപ്പെടുത്തിയത്. വ്യത്യസ്ത സാംസ്കാരിക സവിശേഷതകളുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കി  നേടിയെടുത്ത സ്വാതന്ത്ര്യ പ്രതീക്ഷകൾ കോട്ടം തട്ടാതെ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കണം. ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും അമരമായ അനുഭവങ്ങൾ ശാശ്വതീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എസ് പിസി, എൻസിസി ഉൾപ്പെടെ 20 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. തൃശൂർ സെന്റ് ആൻസ് കോൺവെന്റ്, കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ബാൻഡ് പ്ലാറ്റൂണുകൾ പരേഡിന് മികവേകി. പൂർണമായും ഹരിതചട്ടം പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ, റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ, സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കലക്ടർ അതുൽ സാഗർ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News