ചായങ്ങളൊരുങ്ങി,ഇനി അവര്‍ പുലിയാവും

പാട്ടുരായ്‌ക്കൽ പുലികളി സംഘം വരക്കാനൂള്ള പെയിന്റ്‌ അമ്മിക്കല്ലിൽ അരക്കുന്നു


തൃശൂർ പുലിയിറക്കത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്‌ ദേശങ്ങൾ.  തിങ്കളാഴ്‌ച പുലിവരയ്ക്കുള്ള ചായങ്ങൾ തയ്യാറാക്കാൻ തുടങ്ങി. ദേശങ്ങളിൽ തിങ്കളാഴ്‌ച വൈകിട്ട്‌ ചമയ പ്രദർശനം ആരംഭിച്ചു. പെയിന്റ്‌ പൊടി വാങ്ങിയ ശേഷം അരച്ചെടുത്താണ് നിറക്കൂട്ട് തയാറാക്കുന്നത്. ടെംപറ എന്ന പൊടിയിൽ വാർണിഷ് ചേർത്ത് അമ്മിയിൽ അരച്ചാണ് നിറം ഒരുക്കുന്നത്.  പൊടി അരച്ച്‌ ചെറിയ കുഴമ്പ്‌ രൂപത്തിലാക്കും. ഇതിൽ തരിയും കട്ടയും ഉണ്ടായാൽ ചായം ശരീരത്തിൽ തേക്കുമ്പോൾ കൃത്യമാകില്ല. അതിനാൽ വളരെ സൂഷ്മമായി, സമയമെടുത്താണ്‌ ചായം ഉണ്ടാകുന്നത്‌. നിരവധി പേർ ഒരേസമയം ഇരുന്നാണ്‌ അരയ്‌ക്കുന്നത്‌. ഒൻപത് മുതൽ 12 മണിക്കൂർ സമയമാണ്‌ ഒരു സംഘം നിറങ്ങളുണ്ടാക്കാനായി   ചെലവിടുന്നത്‌.  വെള്ള, ഗോൾഡൻ മഞ്ഞ, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ  നിറങ്ങളാണ് പ്രധാനമായും  ഇങ്ങനെ അരച്ചെടുക്കുക. തുടർന്ന് ഈ നിറങ്ങൾ കൂട്ടി ചേർത്ത് ആവശ്യാനുസരണം മറ്റു നിറങ്ങൾ ഉണ്ടാക്കും. വിപണിയിൽ ലഭിക്കുന്ന പെയിന്റ്‌ ഉപയോഗിച്ചാൽ ശരീരത്തിന്‌ പ്രശ്‌നങ്ങളുണ്ടാകുമെന്നതിനാലാണ്‌ ഈ രീതിയിൽ ചായം ഒരുക്കുന്നത്‌. പുലികളിക്ക്‌ ശേഷം  പെയിന്റ്‌ കഴുകി ക്കളയാനും എളുപ്പമാണ്‌. ആദ്യ കാലങ്ങളിൽ ഇലകൾ അരച്ചും മണ്ണെണ്ണ വിളക്ക്‌ കത്തിച്ച്‌ അതിന്റെ കരിയെടുത്തുമെല്ലാമാണ്‌ നിറങ്ങൾ ഉണ്ടാക്കിയിരുന്നത്‌.  ബുധനാഴ്ച നടക്കുന്ന പുലികളിയിൽ കുട്ടിപ്പുലികൾ, വരയൻ പുലികൾ, പെൺപുലികൾ, പുള്ളിപ്പുലികൾ എന്നിങ്ങനെ വിവിധ പുലികൾ നഗരം കീഴടക്കും. പുലി മുഖത്തിന്‌ പുറമെ  ട്രൗസർ തയ്യാറാക്കൽ, പുലി വരയ്‌ക്കുള്ള കലാകാരന്മാരെയും മേളക്കാരെയും കണ്ടെത്തൽ, നിശ്ചല ദൃശ്യങ്ങൾ ഒരുക്കൽ തുടങ്ങിയവയും അവസാനഘട്ടത്തിലാണ്‌. കഴിഞ്ഞ തവണ അഞ്ച്‌ സംഘങ്ങളായിരുന്നുവെങ്കിൽ ഇത്തവണ ഏഴായി. ഒരു സംഘത്തിൽ 35 മുതൽ 51  വരെ പുലികളുണ്ടാകും. വൈകിട്ട്‌ നാലിന്‌ അതത്‌ പ്രദേശങ്ങളിൽനിന്ന്‌ പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ്‌ റൗണ്ടിലെത്തും. നടുവിലാൽ ഗണപതിക്ക്‌ നാളികേരമുടച്ച്‌ സ്വരാജ്‌ റൗണ്ട്‌ ചുറ്റും. വിയ്യൂർ ദേശം, വിയ്യൂർ യുവജനസംഘം,  സീതാറാം മിൽ ലെയ്‌ൻ, കാനാട്ടുകര, ശങ്കരംകുളങ്ങര, ചക്കാമുക്ക്‌, പാട്ടുരായ്‌ക്കൽ  ടീമുകളാണ്‌ പുലികളിക്കെത്തുക. ധനസഹായവും സമ്മാനത്തുകയും കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കോർപറേഷൻ വർധിപ്പിച്ചിട്ടുണ്ട്‌. പങ്കെടുക്കുന്ന ഓരോ ടീമിനും ഇത്തവണ 3,12,500-രൂപ നൽകും. ഒന്നാം സമ്മാനം 62,500- രൂപയും രണ്ടാം സമ്മാനം 50,000-രൂപയും മൂന്നാം സമ്മാനം 43,750-രൂപയുമാണ്‌. Read on deshabhimani.com

Related News