സ്‌നേഹഗാഥയായി നബിദിനറാലി

കൂർക്കഞ്ചേരി മുസ്‌ലീം ജുമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹിദായത്തുൽ ഇഖ്‌വാൻ മദ്രസ നടത്തിയ നബിദിന റാലി


ചാവക്കാട് പ്രവാചക സ്‌മരണയിൽ സ്‌നേഹ സന്ദേശമായി നാടെങ്ങും നബിദിന റാലികൾ നടത്തി. മുസ്ലീം മത വിശ്വാസികളുടെ നേതൃത്വത്തിൽ മദ്രസകൾ കേന്ദ്രീകരിച്ച്‌ വാദ്യഘോഷങ്ങളോടെനബിദിന റാലികള്‍ സംഘടിപ്പിച്ചു. ജാതി മത ഭേദമില്ലാതെ ജനങ്ങൾ റാലിയെ വരവേറ്റു.   തിങ്കളാഴ്ച സുബഹി നമസ്കാരത്തിന് മുമ്പായി പള്ളികളിൽ മൗലീദ് പാരായണം, പ്രാർഥനാസദസ്സ് എന്നിവ നടന്നു.  രാവിലെ ഏഴോടെ മദ്രസകളിൽ പതാക ഉയർത്തി. തുടർന്ന് മഹല്ല് കമ്മിറ്റികളുടെയും മദ്രസകളുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്രകൾ നടന്നു. കുരുന്നുകളുടെ ദഫ്‌മുട്ട്, അറബനമുട്ട്, സ്കൗട്ട്, ഒപ്പന എന്നിവ ഘോഷയാത്രകൾക്ക് മിഴിവേകി. കൊടികളുമായി ആ​ഹ്ലാദാരവങ്ങളോടെയുള്ള റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വഴിയോരങ്ങളിലും കവലകളിലും ഘോഷയാത്രകളെ സന്നദ്ധ സംഘടനകളുടേയും ക്ലബ്ബുകളുടേയും സാംസ്കാരിക സംഘടനകളുടേയും നേതൃത്വത്തിൽ വരവേറ്റു. മധുര പലഹാരങ്ങളും നൽകി.  ചാവക്കാട് മണത്തല മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷവും ശ്രദ്ധേയമായി. മഹല് മുദരീസ് അബ്ദുൾ ലത്തീഫ് ദാരിമി, കത്തീബ് കമറുദ്ദീൻ ബാദുഷാ തങ്ങൾ, മഹല്ല് പ്രസിഡന്റ് പി കെ ഇസ്മായിൽ, സെക്രട്ടറി കെ വി  ഷാനവാസ്, ട്രഷറർ കെ അലിക്കുട്ടി എന്നിവർ നേതൃത്വം നൽകി. പുന്നയൂർക്കുളം മാവിൻച്ചുവട് സുബുലുസ്സലാം മദ്രസയുടെ നേതൃത്വത്തിൽ നടന്ന നബിദിന ഘോഷയാത്ര വർണാഭമായി. വിദ്യാർഥികളുടെ നീണ്ട നിരയും ദഫ് മുട്ട്, ഫ്ലവർ ഷോ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.  ഞമനേങ്ങാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. വടുതല വടംമ്പാടം  ഉള്ളിശേരിയിൽ നടന്ന നബിദിന റാലി പങ്കാളിത്തം ശ്രദ്ധേയമായി. കൊടുങ്ങല്ലൂർ, അന്തിക്കാട്‌, പാലപ്പിള്ളി, കയ്‌പമംഗലം, കൊക്കാലെ, ഒളരി  മേഖലകളിലും റാലികൾ നടന്നു. Read on deshabhimani.com

Related News