ഒരു പൂ ഇരുപ്പൂവായി, വിരിപ്പുമിറക്കി

മനുഷ്യസഹായമില്ലാതെ നെൽകൃഷിയിടത്തിൽ മരുന്ന്‌ തളിക്കുന്ന യന്ത്രം


തൃശൂർ കാലങ്ങളായി മുരടിപ്പിലമർന്നിരുന്ന, ജില്ലയുടെ കാർഷികരംഗത്ത് ഹരിതാഭയുടെ പുത്തനുണർവ് പകർന്ന അഞ്ചാണ്ടാണ് പിന്നിട്ടത്. സമഗ്ര കൃഷിവികസനത്തിലൂടെയാണ് ജില്ല ഹരിതാഭ തിരിച്ചുപിടിച്ചതും കർഷകർക്ക് ആശ്വാസം പകർന്നതും. ജില്ലയുടെ നെൽകൃഷിയിടം 18,500 ഹെക്ടറായി ഉയർത്തിയതാണ് നേട്ടങ്ങളിൽ പ്രധാനം. ഓപ്പറേഷൻ ഡബിൾ കോൾ പദ്ധതിവഴി 2018–-19, 19–- 20 വർഷങ്ങളിൽ 2100 ഹെക്ടർ ഭൂമിയിൽ ഇരുപ്പൂ കൃഷിയിറക്കി വിളവെടുത്തു.  ഈ വർഷം വിരിപ്പുകൃഷി 2580 ഹെക്ടറായി ഉയർന്നു. കൂടാതെ, 580 ഹെക്ടറിൽ തരിശുനിലങ്ങളിൽ നെൽകൃഷിയിറക്കാനായി. ഹെക്ടറിന് 5500 രൂപ ധനസഹായമായി നൽകിയായിരുന്നു നെൽകൃഷിയിൽ കുതിച്ചുചാട്ടമുണ്ടാക്കിയത്.  ചെലവുകൾക്കായി പാടശേഖര സമിതിക്ക് ഹെക്ടറിന് 360 രൂപയും നൽകുന്നുണ്ട്. ജൈവ വൈവിധ്യ സംരക്ഷണ പദ്ധതി പ്രകാരം 30 ഹെക്ടർ സ്ഥലത്ത് നാടൻ വിത്തിനങ്ങളും കൃഷിയിറക്കി. കൃഷിമന്ത്രി വി എസ് സുനിൽകുമാറിന്റെ പ്രത്യേക ഇടപെടലാണ് കാർഷികരംഗത്ത് വൻ കുതിപ്പിനിടയാക്കിയത്.  അതിരപ്പിള്ളി മേഖലയിലെ ആദിവാസി കർഷകരുടെ സഹായത്തിനായി അതിരപ്പിള്ളി ട്രൈബൽവാലി അഗ്രിക്കൾച്ചറൽ പദ്ധതി ആരംഭിച്ചു. ആദിവാസികളടെ തനതു വിഭവങ്ങൾ സംസ്കരിച്ച് പൊതുമാർക്കറ്റിൽ വിൽപ്പന നടത്തി, അതിന്റെ ലാഭം ആദിവാസികൾക്ക് ലഭ്യമാക്കുന്ന പദ്ധതി വിജയകരമായി തുടരുകയാണ്. പരമ്പരാഗത കൃഷിയെ പ്രോത്സഹിപ്പിക്കുന്ന പദ്ധതിയും അതിരപ്പിള്ളി മേഖലയിൽ നടപ്പാക്കിയിട്ടുണ്ട്. കുരുമുളക്, കാപ്പി, മഞ്ഞക്കൂവ, ഏലം, തേൻ എന്നീ വിഭവങ്ങളാണ് പ്രധാനമായും സംഭരിക്കുന്നത്.  കൃഷി വ്യാപനത്തിന്റെ ഭാഗമായി 4000 ഹെക്ടറിൽ പുതുതായി പച്ചക്കറി കൃഷിയിറക്കി വിളവെടുത്തു. ഓണത്തിന് ഒരുമുറം പച്ചക്കറി, ജീവനി, പ്രളയ ദുരിതസഹായ പദ്ധതി, സ്കൂളിൽ പച്ചക്കറിത്തോട്ടം, തരിശുനിലകൃഷി, ശീതകാല പച്ചക്കറികൃഷി, ദീർഘകാല വിളവെടുപ്പ് പ്രോത്സാഹനം, വിവിധ സ്ഥാപനങ്ങളിലെ പച്ചക്കറികൃഷി, ഗ്രോബാഗ്‌ കൃഷി  തുടങ്ങിയ കൃഷിപദ്ധതികൾക്കാതി അഞ്ചുകോടി രൂപ ചെലവഴിച്ചു. പത്തു ഹെക്ടർ ഭൂമിയിൽ പയർ, കിഴങ്ങുവർഗ കൃഷിയുമിറക്കി. ഇവിടങ്ങളിൽനിന്ന് ലഭിച്ച പച്ചക്കറികൾ വിവിധ ചന്തകളിലൂടെ വിപണിയിലെത്തിച്ചു.  നാളികേര വികസന കൗൺസിൽ മുഖേന 1.33 ലക്ഷം തെങ്ങിൻ തൈകൾ വിതരണം ചെയ്തു.  സർക്കാർ ഫാമുകളിൽ അത്യുൽപ്പാദനശേഷിയുള്ള 37,000 തെങ്ങിൽതൈകൾ ഉൽപ്പാദിപ്പിച്ച് കർഷകരിലെത്തിച്ചു. സുഗന്ധ വ്യഞ്ജന വികസനത്തിന്റെ ഭാഗമായി 70 ഹെക്ടർ ഭൂമിയിൽ കുരുമുളകുകൃഷിയിറക്കി.  ഹൈടെക്ക് കൃഷി, പഴവർഗങ്ങൾ, പൂക്കൾ, ഔഷധ സസ്യങ്ങൾ എന്നിവയും കൃഷിചെയ്ത് വൻ വിളവെടുത്തു.  Read on deshabhimani.com

Related News