തൊഴിലവസരമൊരുക്കി കുടുംബശ്രീമേള

കുടുംബശ്രീ "കണക്‌ട്‌ 24 തൊഴിൽമേള മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ യുവതയ്‌ക്ക്‌  തൊഴിലവസരമൊരുക്കി കുടുംബശ്രീ "കണക്‌ട്‌ 24' തൊഴിൽമേള സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീനദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡിഡിയു-ജികെവൈ), കേരള നോളെജ് ഇക്കോണമി മിഷൻ എന്നീ പദ്ധതികളുടെ ഭാഗമായാണ്‌ തൊഴിൽമേള സംഘടിപ്പിച്ചത്‌. മേള മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു.  ഡിഡിയു-ജികെവൈ, ആർഎസ്ഇറ്റിഐ കോഴ്‌സുകളുടെ പ്രചരണാർഥം ഐഇസി സ്റ്റാളും മന്ത്രി  ഉദ്ഘാടനം ചെയ്തു. വരുമാനദായകമായ തൊഴിൽ സംരംഭങ്ങൾ സ്വയം ആരംഭിക്കാൻ തയ്യാറുള്ള വനിതകൾ കേരളത്തിൽ ഉണ്ടാകണമെന്ന്‌ മന്ത്രി പറഞ്ഞു.  യുവതയുടെ അഭിരുചിക്കും കഴിവിനും ഒത്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് കുടുംബശ്രീ സംഘടിപ്പിക്കുന്ന തൊഴിൽമേളകളുടെ ലക്ഷ്യം.     18 വയസ്സ്‌ മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക്  യോഗ്യതക്കനുസരിച്ചുള്ള ജോലി നേടാനും 18 മുതൽ 35 വയസ്സുവരെയുള്ള യുവതി യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനത്തിനുള്ള അവസരമൊരുക്കാനും മേളയിലൂടെ സാധിച്ചു. ഐടി, ബാങ്കിങ്‌  ആൻഡ്‌ ഫിനാൻസ്, ഇൻഷുറൻസ്, ഹോസ്‌പിറ്റാലിറ്റി തുടങ്ങിയ നിരവധി മേഖലകളിലേക്കാണ്  തൊഴിൽമേള സംഘടിപ്പിച്ചത്. 42  തൊഴിൽദാതാക്കളും 1200 ലധികം ഉദ്യോഗാർഥികളും പങ്കെടുത്തു.  അഞ്ഞൂറിലധികം പേർ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഇടം നേടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷയായി. മേളയിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ മുഖ്യാഥിതിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ യു സലിൽ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ജോജോ, ഇരിങ്ങാലക്കുട നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, ഇരിങ്ങാലക്കുട കുടുംബശ്രീ സിഡിഎസ് 1 ചെയർപേഴ്‌സൺ പി  കെ പുഷ്പവതി,  സിഡിഎസ് 2 ചെയർപേഴ്‌സൺ ഷൈലജ ബാലൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ  കെ കെ പ്രസാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News