വിസി സർവകലാശാല ആക്ട് ലംഘിച്ചു : ടീച്ചേഴ്സ് ഓർഗനൈസേഷൻ
തൃശൂർ ജനറൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത സ്റ്റാറ്റ്യൂട്ട് ഭേദഗതി ചാൻസലറുടെ അംഗീകാരത്തിനയച്ച കാർഷിക സാർവകലാശാല വൈസ് ചാൻസലരുടെ നടപടി നിയമലംഘനമാണെന്ന് സർവകലാശാല ടീച്ചേഴ്സ് ഓർഗനൈസേഷൻ. 2010 യുജിസി മാനദണ്ഡപ്രകാരം സർവകലാശാലാ അധ്യാപകരുടെ നിയമനവും പ്രൊമോഷനുമുള്ള സ്റ്റാറ്റ്യൂട്ട് 2015ൽ ചാൻസലറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നു. ഈ സ്റ്റാറ്റ്യൂട്ട് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ വൈസ് ചാൻസലർ ഭേദഗതി വരുത്തി. ഭരണ സമിതിയെ അറിയിക്കാതെ ചട്ടങ്ങൾ മറികടന്ന് ഒക്ടോബർ 26ന് പ്രത്യേക ജനറൽ കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി. എന്നാൽ യോഗത്തിൽ പങ്കെടുത്ത എംഎൽമാരടക്കം ഭൂരിപക്ഷ അംഗങ്ങളും എതിർത്തതിനെ തുടർന്ന് ഭേദഗതി പാസായില്ല. ജനറൽ കൗൺസിൽ അംഗീകരിച്ച ഭേദഗതിക്കു മാത്രമേ ചാൻസലറായ ഗവർണർക്ക് സമ്മതം നൽകാനാവു എന്നിരിക്കെ വിസി കൗൺസിലിനെ മറികടന്ന് സ്റ്റാറ്റ്യൂട്ട് ഭേദഗതിക്ക് അനുമതി നേടി. സർവകലാശാല ആക്ടിനെ സംരക്ഷിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും ബാധ്യതയുള്ള വിസി, ആക്ട് പാസാക്കിയ കേരള നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്. നിലവിലെ നിയമവും ചട്ടങ്ങളും പ്രകാരമുള്ള കാർഷിക സർവകലാശലയുടെ സ്വയം ഭരണ അവകാശം ഇല്ലാതാക്കുന്നതാണ് വിസിയുടെ അധിക ചുമതല മാത്രം വഹിക്കുന്ന കാർഷിക ഉൽപ്പാദന കമീഷണർ ആൻഡ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവൃത്തി. സർവകലാശാലയെ തകർക്കുന്ന നടപടി പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ടീച്ചേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. Read on deshabhimani.com