ന്യൂനപക്ഷത്തിന് തൊഴിലവസരങ്ങളുമായി ‘സമന്വയം’
തൃശൂർ സംസ്ഥാന ന്യൂനപക്ഷ കമീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കുന്നു. ഇതിനായുള്ള ‘സമന്വയം’ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട അവലോകനയോഗം തിങ്കളാഴ്‌ച കലക്ടറേറ്റിൽ ചേരും. കമീഷൻ അംഗം എ- സൈഫുദ്ദീൻ അധ്യക്ഷനാവും. കുറഞ്ഞത് ഹയർ സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ള (ഐടിഐ, പോളിടെക്‌നിക്ക് ഉൾപ്പെടെ) 18 നും 59 നും മധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വൈജ്ഞാനിക, തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകും. യോഗ്യതകൾക്കനുസൃതമായി വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ സ്വകാര്യ തൊഴിൽ ലഭ്യമാക്കുകയോ, ലഭ്യമാകുന്നതിനാവശ്യമായ തൊഴിൽ, ഭാഷ പരിശീലനം നൽകുകയോ ആണ് ‘സമന്വയം' പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വിപുലമായ രജിസ്‌ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്ലസ് ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് ക്യാമ്പുകളിലെത്തി രജിസ്ട്രേഷൻ നടത്താം. യോഗ്യരായ ഉദ്യോഗാർഥികളെ രണ്ട് ഗ്രൂപ്പുകളായി പരിഗണിച്ച് ഉന്നതവിദ്യാഭ്യാസം ആവശ്യമുള്ളവർക്ക് അത് നൽകും. തൊഴിൽ അന്വേഷകർക്ക് നൈപുണ്യവികസനം, പരിശീലനം, ഇന്റേൺഷിപ് തുടങ്ങി സൗകര്യങ്ങളും ഒരുക്കും. ജില്ലാ തലത്തിൽ ക്ലസ്റ്ററുകളുണ്ടാക്കി പ്രത്യേക പരിശീലനം നൽകിയ ശേഷം നോളജ് മിഷന്റെ ഡിഡബ്ല്യുഎംഎസ് പോർട്ടലിലും രജിസ്റ്റർ ചെയ്യിപ്പിക്കും. യോഗ്യത നേടുന്നവർക്ക് തൊഴിൽ ദാതാക്കളെ സമീപിക്കാൻ അവസരമൊരുക്കും. ജില്ല–- സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകൾ തരംതിരിച്ചാണ് സ്വകാര്യ തൊഴിൽദാതാക്കളുമായി കൈകോർത്താണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. മുസ്ലിം, ക്രിസ്‌ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി, സിക്ക് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് തൊഴിൽ രജിസ്ട്രേഷൻ നടത്താൻ കഴിയുക. തൊഴിൽ സാധ്യതകളെ കൂടാതെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, സാമൂഹിക സാമ്പത്തിക സമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കേരള നോളജ് ഇക്കണോമി മിഷനും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും നടപ്പാക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിൽ അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലുകൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. Read on deshabhimani.com