മനംമയക്കി മറ്റത്തൂരിന്റെ സ്വന്തം വെള്ളച്ചാട്ടം
കോടാലി വിനോദ സഞ്ചാരികളുടെ മനം മയക്കി മറ്റത്തൂർ പഞ്ചായത്തിന്റെ സ്വന്തം വെള്ളച്ചാട്ടം. പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ മുട്ടത്തുകുളങ്ങരയിലാണ് വെള്ളച്ചാട്ടം . പ്രദേശത്തെ സർക്കാർ തേക്കുംതോട്ടത്തിനോട് ചേർന്നുള്ള സംരക്ഷിത വനത്തിൽ നിന്നും ഒഴുകി ജനവാസ മേഖലയിലെത്തി പാറക്കെട്ടിലൂടെ മൂന്ന് ചാലുകളായി മുപ്പത് അടിയോളം താഴ്‌ച്ചയിൽ പതിച്ചാണ് നയന മനോഹര വെള്ളച്ചാട്ടമായി മാറുന്നത്. പിന്നീട് ഈ ജലം ചാലക്കുടി ഇറിഗേഷൻ പദ്ധതിയുടെ ബ്രാഞ്ച് കനാലിൽ ഒഴുകിയെത്തും. മഴക്കാലത്ത് മാത്രം രൂപം കൊള്ളുന്ന ഈ പ്രാദേശിക വെള്ളച്ചാട്ടം കാണാൻ ധാരാളം സഞ്ചാരികളാണ് ദിവസേന എത്തുന്നത്. കനാൽ റോഡിൽനിന്ന് 150 മീറ്ററാണ് വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. എന്നാൽ റോഡിലൂടെ കാൽനട യാത്രപോലും ദുർഘടമാണ്. അപകട സാധ്യത കുറവായതിനാൽ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. Read on deshabhimani.com