മാലിന്യം സംസ്‌കരിക്കാതെ പുറംതള്ളി റെയിൽവേ



തൃശൂർ  മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങൾ പാലിക്കാതെ തൃശൂർ റെയിൽവേ സ്റ്റേഷൻ. കേന്ദ്ര സർക്കാരിന്‌ കീഴിലുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചട്ടങ്ങൾ പ്രകാരമാണ്‌ മാലിന്യ സംസ്‌കരണം നടത്തേണ്ടത്‌. വരുമാനത്തിൽ മുന്നിലുള്ള രാജ്യത്തെ എ1 സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് തൃശൂർ റെയില്‍വേ സ്റ്റേഷന്‍. ഈ സ്‌റ്റേഷനുകളിൽ കക്കൂസ്‌ മാലിന്യമടക്കമുള്ളവ സംസ്‌കരിക്കാൻ ‘സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌’, വെള്ളം ശുദ്ധീക്കരിക്കാനുള്ള ‘ഇഫ്ലുവെന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, മാലിന്യങ്ങൾ തരംതിരിക്കാനായി ‘മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി’ എന്നിവ നിർബന്ധമാണ്‌. എന്നാൽ കേരളത്തിലെ ഒരു സ്റ്റേഷനിലും റെയില്‍വേയ്ക്ക് സീവേജ്‌, ഇഫ്ലുവെന്റ്‌ പ്ലാന്റുകളില്ല. ഇതിനാൽ മാലിന്യം സംസ്‌കരിക്കാതെ പുറംതള്ളുകയാണ്‌.   നീക്കം ചെയ്യാതെ 
കൂട്ടിയിടുന്നു തൃശൂർ സ്റ്റേഷന്റെ നാലാം പ്ലാന്റ്‌ഫോമിന്‌ പിന്നിലായി പേരിനൊരു മാലിന്യം തരം തിരിക്കൽ കേന്ദ്രമുണ്ട്‌. എന്നാൽ മാലിന്യംനീക്കം ചെയ്യാതെ കെട്ടിടത്തിന്‌ അകത്തും പുറത്തുമായി കൂട്ടിയിടുകയാണിവിടെ. വഞ്ചികുളത്തിന്‌ സമീപമുള്ള തോട്ടിലേക്കാണ്‌ കൂട്ടിയിടുന്ന മാലന്യങ്ങൾ വന്നെത്തുന്നത്‌. റെയിൽവേ സ്റ്റേഷന്റെ പുറകു വശവും മാലിന്യക്കൂമ്പാരമാണ്. റെയിൽവേ സ്റ്റേഷനിലെ മാലിന്യം നീക്കാൻ ഏജൻസിയ്‌ക്ക്‌ ടെൻഡർ നൽകിയിട്ടുണ്ട്. എല്ലാ ദിവസവും മാലിന്യം നീക്കണമെന്നാണ്‌ വ്യവസ്ഥ. ഇത്‌ പാലിച്ചില്ലെങ്കിൽ ഓരോ ദിവസവും കരാർ തുകയുടെ ഒരു ശതമാനം പിഴ ഈടാക്കാം. തുടർച്ചയായി അഞ്ചു ദിവസം മാലിന്യം നീക്കിയില്ലെങ്കിൽ കരാർ റദ്ദാക്കാം. എന്നാൽ ഇത്തരം നടപടികളൊന്നും റെയിൽവേ സ്വീകരിക്കാത്തതാണ്‌ മാലിന്യ സംസ്‌കരണം താളം തെറ്റാൻ ഒരു കാരണം.    കക്കൂസ്‌ മാലിന്യം കാനയിൽ കക്കൂസ്‌ മാലിന്യം സീവേജ്‌ പ്ലാന്റിലൂടെ സംസ്‌കരിക്കണമെന്നാണ്‌ നിയമം. എന്നാൽ കാനയിലേക്ക്‌ തള്ളുകയാണ്‌ റെയിൽവേ ചെയ്യുന്നത്‌. സീവേജ്‌ പ്ലാന്റ്‌ ഉറപ്പാക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ കർശന നിർദേശം നിലനിൽക്കെയാണിത്‌. തൃശൂരിനെ അന്തർദേശീയ നിലവാരമുള്ള  സ്റ്റേഷനായി ഉയർത്തുമെന്ന്‌ ഒരു വർഷം മുൻപ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്ലാന്റ്‌ അടക്കമുള്ളവ സ്ഥാപിക്കുമെന്നാണ്‌ റെയിൽവേയുടെ അവകാശവാദം. എന്നാൽ ഇതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല. നിർമാണം തുടങ്ങി 5–-6 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ്‌ റെയിൽവേ പറയുന്നത്‌. അതായത്‌ കക്കൂസ്‌ മാലിന്യ സംസ്‌കരണം അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചുരുങ്ങിയത്‌ ഇത്രയും കാലമെടുക്കും.   Read on deshabhimani.com

Related News