പാവറട്ടിയിൽ വീണ്ടും ചേരിതിരിഞ്ഞ് കോൺഗ്രസ്
പാവറട്ടി ചാവക്കാട് താലൂക്ക് ഹൗസിങ് സഹകരണ സംഘത്തിലെ 13 അംഗ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേരിതിരിഞ്ഞ് മത്സരം. 37 സ്ഥാനാർഥികൾ കഴിഞ്ഞദിവസം നാമനിർദ്ദേശപത്രിക നൽകി. യുഡിഎഫ് ഭരിക്കുന്ന സംഘത്തിൽ ഇത്തവണ കോൺഗ്രസ് ചേരിതിരിഞ്ഞാണ് മത്സരിക്കുന്നത്. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും വിമതപക്ഷവും ഇരു പാനൽ രൂപീകരിച്ചു. ഇരുപക്ഷവും മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മറ്റു മുന്നണികൾ മത്സര രംഗത്തില്ല. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പടെ 37 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. വെള്ളിയാഴ്‌ചയാണ് പത്രിക പിൻവലിക്കാനുള്ള ദിവസം. ഇതിന് ശേഷം ചിത്രം കൂടുതൽ വ്യക്തമാവൂ. ഒരു മാസം മുമ്പ്, യുഡിഎഫ് ഭരിക്കുന്ന പാവറട്ടി സഹകരണ ബാങ്ക് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് ചേരിതിരിഞ്ഞാണ് മത്സരിച്ചത്. 11 അംഗ ഭരണസമിതിയിലേക്ക് 10 സീറ്റിലും വിമത പക്ഷത്തുള്ളവരാണ് ജയിച്ചത്. ഇതിന് നേതൃത്വം നൽകിയ വിമത പക്ഷം തന്നെയാണ് ഹൗസിങ് സഹകരണ സംഘത്തിലും ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിക്കുന്നത്. നവംബർ രണ്ടിന് ജോളി വില്ല ഹാളിലാണ് വോട്ടെടുപ്പ്. Read on deshabhimani.com