നന്ദി; കിട്ടില്ലെന്ന്‌ കരുതിയതാണ്‌

താലൂക് അദാലത്തിൽ പട്ടയം ലഭിച്ച ശാന്തി നഗറിൽ താമസിക്കുന്നവർ


തൃശൂർ ‘ഒരിക്കലും കിട്ടില്ലെന്ന് വിചാരിച്ചതാണ് ഇവരുടെയെല്ലാം നല്ലമനസ്സുകൊണ്ട് ഇപ്പോൾ കൈയിലിരിക്കുന്നത്... സർക്കാരിനും കൂടെനിന്നവർക്കും നന്ദി...’ തൃശൂർ താലൂക്ക് അദാലത്തിൽ മന്ത്രി കെ രാജനിൽനിന്ന് പട്ടയം ഏറ്റുവാങ്ങിയ ശേഷം എൺപത്തിനാലുകാരി കാർത്യായനി സന്തോഷത്തോടെ പറഞ്ഞു. ഒല്ലൂർ വില്ലേജിൽ ശാന്തിന​ഗറിൽ  ശാന്തിറോഡിൽ താമസിക്കുന്ന കാർത്യായനി അടക്കം ഏഴുപേർക്കും നവജ്യോതി നഗറിൽ  താമസിക്കുന്ന 13പേർക്കും ഉൾപ്പെടെ 20 പേർക്കാണ് പട്ടയം അനുവദിച്ചത്.  ഇവരുടെ രണ്ട് പതിറ്റാണ്ടിലേറെയായുള്ള ആവശ്യമാണ് യാഥാർഥ്യമായത്.  1999ലാണ് ഒല്ലൂർ പഞ്ചായത്ത് 38 കുടുംബങ്ങളെ ശാന്തിറോഡിലും നവജ്യോതിന​ഗറിലുമായി താമസിക്കാൻ അനുവദിച്ചത്.  യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് പട്ടയത്തിനായി അപേക്ഷ നൽകിയത്. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറ്റതോടെ പട്ടയം അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചു. താമസിക്കാൻ അനുവദിച്ച ഭൂമി സർക്കാർ ഭൂമിയാക്കി മാറ്റുകയായിരുന്നു സർക്കാരിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. ഇത് യാഥാർഥ്യമാക്കിയാണ് 20 പേർക്ക് തൃശൂർ താലൂക്ക് അദാലത്തിൽ പട്ടയം അനുവദിച്ചത്. ഇനി 18 പേർക്കാണ് പട്ടയം ലഭിക്കാനുള്ളത്. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News