പുലിത്താളത്തിനൊപ്പം ജനാരവം
തൃശൂർ പൂരപ്പെരുമയുടെ തട്ടകത്തിൽ പുലിയാട്ടം കാണാനെത്തിയത് വൻ ജനസഞ്ചയം. സ്വരാജ് റൗണ്ടിൽ കാത്തുനിന്നവർ പുലികളെ ആരവമുയർത്തി വരവേറ്റു. രൗദ്രതാളങ്ങളുടെ പശ്ചാത്തലത്തിൽ പുലികൾ ആടിത്തിമിർത്തു. ഏഴ് സംഘങ്ങളായി മൂന്നൂറിലേറെ പുലികൾ നഗരം നിറഞ്ഞാടി. ഓരോ സംഘത്തോടോപ്പം അലങ്കരിച്ച പുലിവണ്ടിയും ഒരു നിശ്ചല ദൃശ്യവും കാഴ്ചവിരുന്നൊരുക്കി. കുലുക്കിയ കുടവയറുകളിലെ പുലിശൗര്യങ്ങളും വരയൻപുലികളും പുള്ളിപ്പുലികളും പെൺപുലികളും കുട്ടിപ്പുലികളും എൽഇഡി പുലികളുമെല്ലാം ജനങ്ങളിൽ കൗതുകവും ആഹ്ലാദവും സൃഷ്ടിച്ചു. ജനക്കൂട്ടം പുലിത്താളത്തിനൊപ്പം ചുവടുവച്ച് നീങ്ങി. നടുവിലാൽ ഗണപതിക്കുമുന്നിൽ കർപ്പൂര ദീപപ്രഭയിൽ പുലികൾ നാളികേരമുടച്ച് ഉറഞ്ഞുതുള്ളി. കുടവയറൻ പുലികളുടെ വിളയാട്ടവും കാണികളെ ഹരം കൊള്ളിച്ചു. ചടുലമായി ചുവടുവച്ച് മണിക്കൂറുകളോളം പുലിക്കൂട്ടം നഗരം കൈയടക്കി. നടുവിലാലിൽ ആദ്യമെത്തിയത് എംജി റോഡിലൂടെ സീതാറാം മിൽ ദേശമായിരുന്നു. പുലികളെ കണ്ട ആഹ്ലാദത്തിലായിരുന്നു ജനക്കൂട്ടം. അവസാനം പാട്ടുരായ്‌ക്കൽ ദേശമായിരുന്നു. Read on deshabhimani.com