വർണ വിസ്‌മയം തീർത്ത്‌ 
‘ഭൂലോക വൈകുണ്ഠ’ ചിത്രം

ഭൂലോക വൈകുണ്ഠം ചുമർചിത്രത്തിന്റെ രചനയിൽ എം നളിൻ ബാബുവും ശിഷ്യൻ ജയൻ അക്കിക്കാവും


പാവറട്ടി കേരളിയ ചുമർ ചിത്രശൈലിയിൽ  ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്ര പ്രിൻസിപ്പൽ എം നളിൻ ബാബു  വരച്ച  ‘ഭൂലോക വൈകുണ്ഠ’ ചിത്രം പൂർത്തിയായി. അനന്തശായിയായിട്ടുള്ള മഹാവിഷ്ണുവിനെയാണ് ബ്രഹ്മ, മഹേശ്വര സാന്നിധ്യത്തിൽ ചിത്രത്തിൽ ആവിഷ്‌കരിച്ചത്‌. ഒന്നര മാസമെടുത്താണ്‌ ചിത്രം പൂർത്തിയാക്കിയത്‌. ശിഷ്യൻ ജയൻ അക്കിക്കാവും ഒപ്പമുണ്ടായിരുന്നു.    മഹാവിഷ്ണുവിന്റെ തലഭാഗത്ത്‌ ഭൂദേവിയും കാൽ ഭാഗത്ത്‌ ശ്രീദേവിയെയുമാണ് വരച്ചത്. അഷ്ടായുധം ധരിച്ച ദേവൻമാർ, ഗരുഡൻ, ബ്രഹ്മാവ്, ശിവലിംഗം, നാരദൻ, വ്യാക്രപാദ മഹർഷി, പതഞ്ജലി, ശുകൻ, ശ്രീകൃഷ്ണൻ , അർജുനൻ, സന്താനഗോപാലത്തിലെ കുട്ടികൾ, സപ്തർഷികൾ, അശ്വിനിദേവകൾ, ഇന്ദ്രൻ, സൂര്യൻ ചന്ദ്രൻ തുടങ്ങി നാൽപ്പത്തിരണ്ടോളം ദേവ രൂപങ്ങളാണ്‌ ചിത്രീകരിച്ചത്‌. എട്ടടി  നീളവും അഞ്ചടി ഉയരവുമുള്ള  ചിത്രം കാൻവാസിൽ അക്രിലിക്കിലാണ്‌  പൂർത്തിയാക്കിയത്.  അമേരിക്കയിലെ ടെക്സസിൽ റിസർച്ച് ഗവേഷകയായി ജോലി ചെയുന്ന മലയാളി  അനിയാണ്‌ ഇത്രയും വലുപ്പത്തിൽ ഒറ്റ കാൻവാസിൽ  ഇത്രയധികം  ദേവരൂപങ്ങൾ വരയ്‌ക്കുന്നതിന്  പ്രചോദനം.  ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്ത് ഇതുപോലെ കരിങ്കൽ ശിൽപ്പം വച്ചിട്ടുണ്ട്.  നളിൻ ബാബു പെരുവല്ലൂരിലെ അന്തരിച്ച കവി കെ ബി മേനോന്റെ മകനാണ്.  Read on deshabhimani.com

Related News