തൊഴിലാളികളുടെ യോജിച്ച പോരാട്ടം ശക്തിപ്പെടുന്നു: എളമരം കരീം
തൃശൂർ മുതലാളിത്തത്തിനെതിരെ രാജ്യത്ത് തൊഴിലാളികളുടെ വിശാല വർഗ ഐക്യം ശക്തിപ്പെട്ടു വരികയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. സിഐടിയു ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണ്. കൂട്ടായ വിലപേശലിലൂടെ മാത്രമേ കൂലി വർധനവടക്കം നേടിയെടുക്കാനാവൂ. ലേബർ കോഡിൽ തൊഴിലാളികളുടെ മിനിമം കൂലി ദുർബലമാക്കി. തൊഴിലാളിക്കും കുടുംബത്തിനും ജീവിക്കാൻ വേണ്ട തുകയാണ് മിനിമം കൂലി. എന്നാൽ ലേബർ കോഡിൽ കുറഞ്ഞ മിനിമം കൂലി 202 രൂപ മാത്രമാണ്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ സംഘടിപ്പിക്കുന്ന ട്രേഡ് യൂണിയനുകളെ സാമൂഹ്യ വിരുദ്ധരായും പിടിച്ച് പറിക്കാരായും ചിലർ പ്രചരിപ്പിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. തൊഴിലാളികളുടെ വിശാല ഐക്യത്തിന് മാത്രമേ ചൂഷണവ്യവസ്ഥയേയും തൊഴിലാളി വിരുദ്ധ നയങ്ങളേയും തിരുത്താനാവൂവെന്നും എളമരം കരീം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ‘സിഐടിയു സന്ദേശം’ സംസ്ഥാന–-ജില്ലാതല മത്സര വിജയികൾക്കുള്ള സമ്മാനവിതരണം സിഐടിയു കേന്ദ്ര ജനറൽ കൗൺസിൽ അംഗം എം എം വർഗീസ് നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി, ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്, ഏരിയ സെക്രട്ടറി ടി സുധാകരൻ എന്നിവർ സംസാരിച്ചു. തൃശൂർ വിവേകോദയം സ്‌കൂളിന് സമീപം പ്ലാക്കാട്ട് ലെയ്‌നിലാണ് പുതിയ ഓഫീസ്. Read on deshabhimani.com