പുത്തൻപള്ളി പ്രതിഷ്ഠാ തിരുനാളിന് 22ന് തുടക്കം
തൃശൂർ പുത്തൻപള്ളിയുടെ 99–--ാം പ്രതിഷ്ഠാ തിരുനാൾ വെള്ളി മുതൽ നാല് ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാഴം വൈകിട്ട് 6.30ന് പി ബാലചന്ദ്രൻ എംഎൽഎ തിരുനാൾ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും. വെള്ളി വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാനയ്‌ക്കും നവനാൾ തിരുക്കർമങ്ങൾക്കും ശേഷം കൂടുതുറക്കലിനും രൂപം എഴുന്നള്ളിപ്പിനും അതിരൂപത സഹായ മെത്രാൻ ടോണി നീലങ്കാവിൽ മുഖ്യ കാർമികത്വം വഹിക്കും. ശനി വൈകിട്ട് 6.30ന് ആരംഭിക്കുന്ന അമ്പ് എഴുന്നള്ളിപ്പുകൾ ബസിലിക്ക ദൈവാലയത്തിൽ സമാപിക്കും. ഞായർ രാവിലെ ആറിനും 7.30നും 10നും വൈകിട്ട് 3.30നും 7.30നും വിശുദ്ധ കുർബാനകൾ നടക്കും. രാവിലെ 7.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് തൃശൂർ അതിരൂപത മെത്രാപോലീത്ത ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികനാകും. രാവിലെ 10ന് പാടുംപാതിരി ഫാ. പോൾ പൂവത്തിങ്കൽ മുഖ്യകാർമികനാകുന്ന വിശുദ്ധ കുർബാന നടക്കും. വൈകിട്ട് 6.30ന് വ്യാകുല എഴുന്നള്ളിപ്പ് സാംസ്‌കാരിക ഘോഷയാത്ര രാത്രിയിൽ ബസിലിക്കയിൽ സമാപിക്കും. തിങ്കൾ വൈകിട്ട് 6.30ന് സൗഹൃദ ബാൻഡ് വാദ്യ മത്സരവും തുടർന്ന് ഫാൻസി വർണമഴയും നടക്കും. വാർത്താസമ്മേളനത്തിൽ ജോണി കുറ്റിച്ചാക്കു, പോൾസൺ ആലപ്പാട്ട്, എൻ ഐ ജോസഫ്, സി ജെ പോൾ എന്നിവരും പങ്കെടുത്തു. Read on deshabhimani.com