143 കോടിയുടെ വായ്‌പാ തട്ടിപ്പ്‌ 
മുഖ്യപ്രതി കെപിസിസി അംഗം



തൃശൂർ  തൃശൂർ ജില്ലാ സഹകരണ ബാങ്കിൽ നടന്ന 143.42  കോടിയുടെ വായ്‌പാതട്ടിപ്പിൽ കെപിസിസി അംഗം എം കെ അബ്ദുൾസലാം മുഖ്യപ്രതി. ഇയാൾ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ നടന്ന വൻ വായ്‌പാ തട്ടിപ്പ്‌ ഇഡി അന്വേഷണത്തിലാണ്‌ പുറത്തുവന്നത്‌. 2013 മുതൽ 2017 വരെ അബ്ദുൾസലാം ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്ന്‌ വൻവെട്ടിപ്പ്‌ നടത്തി. ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച്‌  നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വായ്‌പ അനുവദിച്ചു. അതുവഴി അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നും ഇഡി റിപ്പോർട്ടിലുണ്ട്‌.   അബ്ദുൾസലാമിന്റെ  വീട്ടിലും കുടിശ്ശികക്കാരുമായി ബന്ധപ്പെട്ട 11  സ്ഥലങ്ങളിലും ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു. 10 കോടിക്കുമുകളിൽ  വായ്‌പ കുടിശ്ശികയായവരുടെ സ്ഥലങ്ങളാണ്‌ പരിശോധിച്ചത്‌.   കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു. അനധികൃത വായ്‌പ നൽകൽ, വായ്‌പസംഖ്യ മറ്റുമേഖലയിലേക്ക്‌ തിരിച്ചുവിടൽ എന്നിവയും കണ്ടെത്തിയിട്ടുണ്ട്‌. വായ്‌പാതട്ടിപ്പ്‌ വഴി ലഭിച്ച അനധികൃത പണം  ഉപയോഗിച്ച്‌ 70 കോടിയുടെ ഭൂമി വാങ്ങിയതായും കണ്ടെത്തി. കോൺഗ്രസ്‌ ഭരണത്തിൽ കൂടുതൽ വായ്‌പാതട്ടിപ്പ്‌ നടന്നതായാണ്‌ വിവരം. സ്വർണം, തുണി എന്നിവയുടെ സ്‌റ്റോക്കിൽ കൃത്രിമം കാണിച്ചും വായ്‌പ അനുവദിച്ചിട്ടുണ്ട്‌. ഈട്‌ നൽകിയ സ്വത്തുക്കൾ ജപ്തി ചെയ്‌താലും  വായ്‌പസംഖ്യ തിരികെ ലഭിക്കാത്ത സ്ഥിതിയാണ്‌. Read on deshabhimani.com

Related News