കുറിക്കും... പുതിയ ദൂരവും ഉയരവും
തൃശൂർ കൗമാര പ്രതിഭകൾ പുതിയ ദൂരവും ഉയരവും കുറിക്കുന്ന റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്സിന് കുന്നംകുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ സിന്തറ്റിക്ക് ട്രാക്കിൽ തിങ്കളാഴ്ച തുടക്കമാകും. ചരിത്രത്തിലാദ്യമായി, ഭിന്നശേഷിക്കാരായ കുട്ടികളുടെ 100 മീറ്റർ ഓട്ടത്തോടെ ഒളിമ്പിക്‌സ് ആരംഭിക്കും. രാവിലെ 8.30ന് കാഴ്ച പരിമിതരായ കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. 14 വയസ്സിന് താഴെയുള്ളവർ, മുകളിലുള്ളവർ വിഭാഗങ്ങളിലാണ് മത്സരം. ഭിന്നശേഷികാർക്കായി ലോങ് ജമ്പുമുണ്ട്. ഒളിമ്പിക്സിന് രാവിലെ പത്തിന് എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ കെ അജിതകുമാരി പതാക ഉയർത്തും. ഇന്ന് 50 ഇനങ്ങൾ തിങ്കളാഴ്ച 50 ഇനങ്ങളിലാണ് മത്സരം. 100 മീറ്റർ ഓട്ടമടക്കം 42 ഇനങ്ങളിലെ ഫൈനൽ ആദ്യദിനത്തിലാണ്. രണ്ടാം ദിവസം 49 ഇനങ്ങളിലും മൂന്നാം ദിവസം 32 ഇനങ്ങളിലും മത്സരം നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 131 ഇനങ്ങളിൽ 2100 വിദ്യാർഥികൾ മത്സരിക്കും. ഹാമർ ത്രോ മത്സരങ്ങൾ മാത്രം ബഥനി സ്കൂൾ ഗ്രൗണ്ടിൽ നടത്തും. ക്രോസ് കൺട്രി നാളെ ചൊവ്വാഴ്ച രാവിലെ 6.30ന് പന്നിത്തടത്ത് നിന്ന് ആരംഭിക്കുന്ന ക്രോസ് കൺട്രി മത്സരം കുന്നംകുളം ഗവ. ബോയ്സ് ഗ്രൗണ്ടിന് മുൻവശം സമാപിക്കും. 60 പെൺകുട്ടികളും 60 ആൺകുട്ടികളും മത്സരിക്കും. ബുധനാഴ്ചയാണ് അധ്യാപകരുടെ മത്സരം. 30 വയസ്സിന് താഴെയുള്ളവർ, മുകളിലുള്ളവർ എന്നീ വിഭാഗത്തിലാണ് അധ്യാപികമാരുടെ മത്സരം. 40 വയസ്സിന് താഴെയുള്ളവർ, മുകളിലുള്ളവർ എന്നിങ്ങനെയാണ് അധ്യാപകരുടെ മത്സരം. 15 ഇനങ്ങളിൽ മത്സരമുണ്ടാകും. ഓവറോൾ ട്രോഫിക്ക് പുറമെ മികച്ച സ്‌കൂളിനും ട്രോഫി സമ്മാനിക്കും. മത്സരാർഥികൾക്ക് ഉച്ചഭക്ഷണവും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവര്‍ ദീപശിഖയേന്തും കുന്നംകുളം ഗവ. ഹയർസെക്കൻഡറിയിലെ വിദ്യാർഥികളായ യദുകൃഷ്ണൻ, ശ്രീധർ, കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ആദികൃഷ്ണ, വിജയകൃഷ്ണൻ എന്നിവർ ദീപശിഖയേന്തും. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ വിജയിച്ച ജില്ലയിലെ താരങ്ങളാണിവർ. Read on deshabhimani.com