നാശം വിതച്ച് മിന്നൽ ചുഴലി

നന്ദിപുലം പൈറ്റു പാടശേഖരത്തിൽ മിന്നൽ ചുഴലി


 പുതുക്കാട്‌  ചെങ്ങാലൂര്‍, കുണ്ടുകടവ്, നന്ദിപുലം മേഖലയിൽ മിന്നല്‍ ചുഴലിയില്‍ കനത്ത നാശം. നാല് വീടുകളിലും ഒരു കാറിലേക്കും മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്തെ കാര്‍ഷികവിളകളും പരക്കെ നശിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെയാണ് ശക്തമായ മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. നന്ദിപുലം തോട്ടത്തിൽ അശോകന്റെ വീട്ടിലെ ആറ് ജാതി മരങ്ങൾ കാറ്റില്‍കടപുഴകി വീണു. എരിയാക്കാടൻ ഗിരീഷിന്റെ പാതി മൂപ്പെത്തിയ 300 നേന്ത്രവാഴകളും പച്ചക്കറി കൃഷിയും കാറ്റില്‍ നശിച്ചു. മടവാക്കര ഷാജിയുടെ വീട്ടിലെ മാവും മിന്നൽ ചുഴലിയിൽ കടപുഴകി. മൂക്കുപറമ്പിൽ അശോകന്റെ വീടിന് മുകളിലേക്ക് മാവ് ഒടിഞ്ഞുവീണു. വൈക്കത്ത്‌കാട്ടിൽ  അഭിലാഷിന്റെ മൂന്ന് ജാതികളും ഒടിഞ്ഞുവീണു. വടാത്തല വിജയൻ നായരുടെ രണ്ട് കവുങ്ങുകൾ ഒടിഞ്ഞ്‌ ഓട് വീടിന് മുകളിലേക്ക് വീണു. ഓട് തെറിച്ചു കൊണ്ട് വിജയന്റെ ഭാര്യ രുഗ്മിണിയുടെ കാലിന് പരിക്കേറ്റു. ചെങ്ങാലൂരിൽ റോഡിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമർ ചരിഞ്ഞു. ഇതോടെ മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി വകുപ്പ് ജീവനക്കാർ ഞായറാഴ്ച പകലോടെ  വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ, കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗങ്ങളായ  ടി എ രാമകൃഷ്ണൻ, കെ വി സജു,  സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, കർഷക സംഘം  കൊടകര ഏരിയ സെക്രട്ടറി എം ആർ രഞ്ജിത്, പ്രസിഡന്റ് സി ബബീഷ് എന്നിവർ ചുഴലി നാശം വിതച്ച മേഖലകൾ സന്ദർശിച്ചു.  Read on deshabhimani.com

Related News