മത്സ്യത്തൊഴിലാളികളുടെ വിവരം വിരൽത്തുമ്പിൽ



തൃശൂർ  ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിവരം ഇനി വിരൽ തുമ്പിൽ. ഫിഷറീസ്‌ വകുപ്പ്‌ തയ്യാറാക്കിയ ഫിഷറീസ്‌ ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ സിസ്റ്റം (ഫിംസ്‌) ആപ്ലിക്കേഷനിലൂടെയാണ്‌ വിവര ശേഖരണം. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നത്‌ വേഗത്തിലാക്കാൻ ആപ്പിലൂടെ കഴിയും. ഓഫീസുകളിലേക്ക്‌ നിരന്തരം കയറി ഇറങ്ങുന്നത്‌ കുറയ്‌ക്കാം.  നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ചേർന്നാണ്‌ ഫിംസ്‌ ഒരുക്കിയത്‌. ഫിഷറീസ്‌ ഓഫീസർമാർ തരുന്ന വിവരങ്ങൾ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട്‌ ബോർഡ്‌ വഴിയാണ്‌ ചേർക്കുന്നത്‌. മത്സ്യത്തൊഴിലാളികളുടെ പ്രായം, തൊഴിലെടുത്ത കാലം, പെൻഷൻ, കുടുംബ–- 
സാമൂഹ്യ–- സാമ്പത്തിക പശ്ചാത്തലം അടക്കമുള്ള വിവരങ്ങൾ ഇതിലൂടെ ലഭിക്കും.  മത്സ്യത്തൊഴിലാളികളുടെ സമ്പൂർണ ഡാറ്റ ബാങ്ക്‌ എന്ന നിലയിലാണ്‌ ഫിംസ്‌ പ്രവർത്തിക്കുക. ആപ്പിലൂടെ ഇതുവരെ 14,622 പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സജീവ മത്സ്യത്തൊഴിലാളികൾ–- 6,311, ഉൾനാടൻ തൊഴിലാളികൾ–- 1699, അനുബന്ധ തൊഴിലാളികൾ–- 3,256, പെൻഷൻകാർ–- 3,356 എന്നിങ്ങനെയാണ് ഫിംസിൽ വിവരം ചേർന്നിട്ടുള്ളത്‌.  ആപ്പിൽ ചേർത്തവരുടെ വിവരങ്ങൾ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുന്നുണ്ട്‌.  മീൻപിടിത്തത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ സാമ്പത്തിക സഹായം, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ–- വിവാഹം നൽകാനുള്ളതടക്കം ആനുകൂല്യങ്ങൾ നൽകുന്നത്‌ വേഗത്തിലാക്കാൻ കഴിയും. Read on deshabhimani.com

Related News