നേതാക്കൾ നന്മയുടെ പ്രതീകമാകണം: പാലോളി
തൃശൂർ നന്മയുടെ സന്ദേശമോതി തെളിമയാർന്ന രാഷ്‌ട്രീയ പ്രവർത്തനാനുഭവം കുട്ടികളുമായി പങ്കുവച്ച് മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്‌കുട്ടി. സാഹിത്യത്തോടൊപ്പം മുതിർന്നവരുടെ രാഷ്‌ട്രീയാനുഭവങ്ങൾ പങ്കുവയ്‌ക്കുന്നതിനായി കേരള ചിൽഡ്രൻസ് ലിറ്റററി ഫെസ്‌റ്റിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ജീവിതത്തിലെ തീക്ഷ്‌ണാനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ടത്. സ്വാതന്ത്ര്യസമര ചരിത്രവും തുടർന്ന് രാജ്യത്തെ വേദനിപ്പിച്ച വിഭജന രാഷ്‌ട്രീയവും പങ്കുവച്ചു. അന്നും ഇന്നും മതവർഗീയത രാജ്യത്തിന് അപകടമാണ്. പഴയ കാലത്ത് ജന്മിമാരുടെ ഭൂമി ദൈവം കൊടുത്തതാണെന്നും അത് പങ്കുവയ്‌ക്കുന്നത് ദൈവനിഷേധമാണെന്നും വിശ്വസിപ്പിച്ചു. കമ്യൂണിസ്‌റ്റുകാർക്ക് അമ്മയും പെങ്ങളുമില്ല, 60 വയസ്സ് കഴിഞ്ഞാൽ മാതാപിതാക്കളെ കൊല്ലുമെന്നും പ്രചരിപ്പിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് കമ്യൂണിസ്‌റ്റ് പാർടി പ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. കമ്യൂണിസ്റ്റുകാരെ കണ്ടാൽ കൊല്ലുന്ന കാലത്താണ് പാർടിയിൽ അംഗമായത്. രാഷ്‌ട്രീയ പാർടി നേതാക്കൾ നന്മയുടെ പ്രതീകമാകണം. ആഡംബര ജീവിതം ഒഴിവാക്കണമെന്നും പാലോളി പറഞ്ഞു. ചടങ്ങിൽ കാവുമ്പായി ബാലകൃഷ്‌ണൻ അധ്യക്ഷനായി. ഹാഫിസ് നൗഷാദ് സംസാരിച്ചു. Read on deshabhimani.com