ജില്ലാ സ്കൂൾ കായികോത്സവത്തിന് തുടക്കം
കുന്നംകുളം തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികോത്സവത്തിന് തുടക്കം. കുന്നംകുളം സീനിയർ ഗ്രൗണ്ട് സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയ്‌ക്ക് തുടക്കം കുറിച്ച് തിങ്കൾ രാവിലെ 9.30ന് ഡിഡിഇ എ കെ അജിതകുമാരി പതാക ഉയർത്തി. മേള എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി. പി കെ ഷബീർ, ബിജു സി ബേബി, പ്രിയ സജീഷ്, എ മൊയ്തീൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി ഐ റസിയയിൽ നിന്നേറ്റു വാങ്ങിയ ദീപശിഖ ഗ്രൗണ്ടിൽ സ്ഥാപിച്ചു. സംസ്ഥാന ദേശീയ മെഡൽ ജേതാക്കളായ കുന്നംകുളം സ്പോർട്സ് ഡിവിഷനിലെ യദുകൃഷ്ണ വി നായർ, സി എസ് ശ്രീധർ, തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിലെ ആദികൃഷ്ണ, വി എം അശ്വതി എന്നിവർ ദീപശിഖയേന്തി. 99 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 1022 വിദ്യാർഥികളും, 12 ഭിന്ന ശേഷി വിദ്യാർഥികളുമാണ് പങ്കെടുക്കുന്നത്. വെയിറ്റ് ത്രോ മത്സരങ്ങൾ സെന്റ് ജോൺസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലും, ക്രോസ് കൺട്രി മത്സരങ്ങൾ പന്നിത്തടത്തും നടക്കും. ഗെയിംസ് മത്സരങ്ങൾ ശനിയാഴ്ച സമാപിച്ചിരുന്നു. സംസ്ഥാന സിലബസിൽ പഠിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകളിലെ വിദ്യാർഥികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരങ്ങളുടെ ഭാഗമാകുന്നത്. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് കായികമേളയുടെ നടത്തിപ്പ്. മത്സരങ്ങൾ 23ന് സമാപിക്കും. നവംബർ നാലിന് കൊച്ചിയിലാണ് സംസ്ഥാന മേള. Read on deshabhimani.com