തെളിനീരൊഴുകും 2005 നീർച്ചാലുകളിൽ
തൃശൂർ നീർച്ചാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഹരിത കേരള മിഷൻ ആവിഷ്‌കരിച്ച "ഇനി ഞാൻ ഒഴുകട്ടെ' ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ പുതുജീവൻ നൽകിയത് 2005 നീർച്ചാലുകൾക്ക്. 2021 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള കണക്ക് പ്രകാരമാണിത്. ജലസ്രോതസ്സുകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള ക്യാമ്പയിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലാണ് പുനരുജ്ജീവനം സാധ്യമായത്. ആകെ 1815.44 കിലോമീറ്റർ ദൂരം നീർച്ചാലുകളാണ് ശുചീകരിച്ച് സുഗമമായ നീരൊഴുക്ക് സാധ്യമാക്കിയത്. 147 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു. 137 കുളങ്ങൾ നിർമിച്ചു. 1022 കിണറുകൾ നിർമിച്ചു. 390 കിണറുകൾ റീചാർജ് ചെയ്‌തു. 12 സ്ഥിരം തടയണകളും 44 താൽക്കാലിക തടയണകളും നിർമിച്ചു. ജലത്തിന്റെ ഗുണനിലവാരമറിയാൻ 54 ലാബുകളിൽ 17,376 പരിശോധന നടത്തി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടപ്പാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് ജലസ്രോതസ്സുകൾ ജില്ലയിൽ വീണ്ടെടുക്കാനായത്. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി മാർച്ച് 30ഓടെ കേരളത്തിലെ മുഴുവൻ നീർച്ചാലുകളും ജനപങ്കാളിത്തത്തോടെ മാലിന്യ മുക്തമാക്കി വീണ്ടെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുഴയെ വീണ്ടെടുക്കുക, തീരങ്ങൾ വീണ്ടെടുക്കുക, തീരങ്ങളിലെ നിർമാണപ്രവർത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളിൽ തടയണ നിർമിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നു. Read on deshabhimani.com