വയനാട്‌ ദുരന്തം: അനാവശ്യ 
വിവാദങ്ങൾ ഒഴിവാക്കണം–- കെ രാജൻ



തൃശൂർ വയനാട്‌ ദുരന്തത്തിൽ അർഹരായ എല്ലാവർക്കും വീട്‌ ലഭിക്കുമെന്നും ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി കെ രാജൻ.  കരട്‌ ലിസ്‌റ്റാണ്‌ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.  എല്ലാ അർഹരെയും ഉൾപ്പെടുത്തിയും അനർഹരെ ഒഴിവാക്കിയും തെളിമയോടെ ഫൈനൽ ലിസ്റ്റ്‌  പുറത്തുവരും. തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.       വയനാട്‌ പുനരധിവാസ വിഷയത്തിൽ വളരെ കൃത്യതയോടെയാണ്‌ സർക്കാർ മുന്നോട്ട്‌ പോവുന്നത്‌. രണ്ട്‌ ഘട്ടങ്ങളായാണ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുക. ദുരന്തത്തിൽ  പൂർണമായും  വീട്‌ നഷ്ടപ്പെട്ടവരാണ്‌ ഒന്നാംഘട്ടത്തിൽ വരുന്നത്‌. അപകട ഭീഷണിയുള്ളതിനാൽ  തിരിച്ചുപോകാൻ കഴിയില്ലെന്ന്‌  ജോൺ മത്തായി റിപ്പോർട്ടിൽ പറയുന്ന പ്രദേശങ്ങളിലെ താമസക്കാരാണ്‌ രണ്ടാംഘട്ടം. ഭരണ സൗകര്യത്തിനുവേണ്ടി മാത്രമാണ്‌ രണ്ടു ഘട്ടങ്ങളാക്കുന്നത്‌. ഈ രണ്ടുഘട്ടങ്ങളിലും ഒന്നിച്ചായിരിക്കും വീട്‌ നിർമാണം ആരംഭിക്കുക.          റവന്യൂ വകുപ്പും  ജില്ലാ ഭരണകേന്ദ്രവും തയ്യാറാക്കിയ ലിസ്‌റ്റും പഞ്ചായത്ത്‌ തയ്യാറാക്കിയ ലിസ്‌റ്റും പരിശോധിച്ച്‌ കലക്ടർ  ചെയർമാനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വൈസ്‌ ചെയർമാനുമായ കമ്മിറ്റി പരിശോധിച്ചാണ്‌   ആദ്യഘട്ട  കരട്‌ ലിസ്‌റ്റ്‌ പുറത്തിറക്കിയിട്ടുള്ളത്‌. ഈ ലിസ്‌റ്റ്‌ പൊതുസ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കും.  ആക്ഷേപങ്ങളും പരാതികളും  നൽകാൻ  15 പ്രവൃത്തി ദിനങ്ങൾ  നൽകിയിട്ടുണ്ട്‌. പരാതി നൽകിയാൽ നേരിട്ട്‌ പരിശോധിച്ച്‌ തിരുത്തേണ്ടവ തിരുത്തും.  ഇരട്ടിപ്പുണ്ടെങ്കിൽ  ഒഴിവാക്കും. ഉൾക്കൊള്ളേണ്ടവരെ പൂർണമായും ഉൾപ്പെടുത്തും. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച്‌ ജനങ്ങളിൽ ഭീതിയുണ്ടാക്കാനും  ഭിന്നിപ്പിക്കാനുമുള്ള നീക്കം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News