റവന്യൂ പുരസ്‌കാര നിറവിൽ തൃശൂർ താലൂക്ക്
തൃശൂർ സംസ്ഥാന റവന്യൂ പുരസ്‌കാരങ്ങളിൽ മികച്ച താലൂക്ക് ഓഫീസായി തൃശൂർ താലൂക്ക് ഓഫീസിനെ തെരഞ്ഞെടുത്തു. മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം കൂടുതൽ പ്രവർത്തനങ്ങളും കാഴ്ചവച്ചാണ് നേട്ടം കൈവരിച്ചത്. 2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള പ്രവർത്തനമാണ് പരിഗണിച്ചത്. 74 വില്ലേജുമായി സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ഓഫീസാണ് തൃശൂരിലേത്. കെട്ടിട നികുതി, ഭൂനികുതി, ലീസ് തുടങ്ങി വരുമാനം സൃഷ്ടിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനം താലൂക്ക് കാഴ്ചവെച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകളിൽ 90 ശതമാനത്തിലധികം വിതരണം ചെയ്യാനായി. ഭൂമി സംബന്ധമായ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കി. പുറമ്പോക്ക് പട്ടയം വിതരണം ചെയ്യുന്നതിൽ നിശ്ചയിച്ച ലക്ഷ്യം പൂർത്തീകരിച്ചു. ജനസമ്പർക്ക പരിപാടികളിലെ പരാതികൾ നല്ല രീതിയിൽ കൈകാര്യം ചെയ്‌തു. പുത്തൂരിലുണ്ടായ ചുഴലിക്കാറ്റ് ഉൾപ്പെടെ ദുരന്തസമയങ്ങളിലെ ഇടപെടലുകളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ കാര്യത്തിലും മികവ് തെളിയിക്കാനായി. സംസ്ഥാന റവന്യു കലോത്സവത്തിലെ ആതിഥേയത്വം പ്രശംസിക്കപ്പെട്ടതായും തൃശൂർ താലൂക്ക് ഓഫീസർ ടി ജയശ്രീ പറഞ്ഞു. ജില്ലാതലത്തിൽ മികച്ച വില്ലേജ് ഓഫീസർമാരായി കെ ആർ സൂരജ് (ഗുരുവായൂർ - ഇരിങ്ങപ്പുറം വില്ലേജ് ), എം സന്തോഷ് കുമാർ (അരണാട്ടുകര പുല്ലഴി ഗ്രൂപ്പ് വില്ലേജ്, ), കെ ആർ പ്രശാന്ത് (മേത്തല വില്ലേജ്, ) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച വില്ലേജ് ഓഫീസായി വടക്കാഞ്ചേരി പാർളിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ തെരഞ്ഞെടുത്തു. ജില്ലയിലെ മികച്ച ഹെഡ് സർവേയർ തൃശൂർ റീ സർവേ സൂപ്രണ്ട് ഓഫീസിലെ ബൈജു ജോസാണ്. മാപ്പിങ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ എൽ എൽ സതിയാണ് മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാൻ. അയ്യന്തോൾ റീസർവേ സൂപ്രണ്ട് ഓഫീസിലെ പി ജെ ബിജിക്ക് മികച്ച സർവേയർക്കും മാപ്പിങ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ കെ എം നിതിൻദാസിന് മികച്ച ഡ്രാഫ്റ്റ്സ്മാനുമുള്ള അംഗീകാരം ലഭിച്ചു. Read on deshabhimani.com